ഹമദില്‍ മുഴുവന്‍ സമയ ശസ്ത്രക്രിയ സംവിധാനം

Posted on: March 2, 2016 8:40 pm | Last updated: March 2, 2016 at 8:40 pm

Hamad-Medical-Corporation-heart-hospital-building (1)ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മുഴുസമയ ശസ്ത്രക്രിയാ സൗകര്യമുണ്ടെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം എച്ച് എം സിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
ഏത് സമയത്തും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങള്‍ ഹമദില്‍ സജ്ജമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ മുറികളുടെ അഭാവം കാരണമാണ് നേരത്തെ ചില ശസ്ത്രക്രിയകള്‍ റദ്ദാക്കിയത്.
ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ വിദഗ്ധരായ സര്‍ജന്‍മാര്‍ 2516 ശസ്ത്രക്രിയകളാണ് ഹമദില്‍ നടത്തിയത്. ഡിസംബര്‍- ജനുവരി മാസങ്ങളില്‍ 2647ഉം. അഞ്ച് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. ഈ വര്‍ഷം പകുതിയോടെ 20 ഓപറേഷന്‍ റൂമുകള്‍ കൂടി തുറക്കും. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വേണ്ടിയായിരിക്കും ഇത്.
കഴിഞ്ഞ ഒക്‌ടോബറില്‍ അക്യൂട്ട് കെയര്‍ (ട്രോമ, ക്രിട്ടിക്കല്‍, എമര്‍ജന്‍സി) ശസ്ത്രക്രിയ വിഭാഗം തുടങ്ങിയിരുന്നു. വിദഗ്ധരുടെ നിരയാണ് ഇവിടെ പരിചരണത്തിനുള്ളത്.