Connect with us

Gulf

സിറിയന്‍ സമാധാനത്തിന് ഖത്വര്‍-റഷ്യ സഹകരണം

Published

|

Last Updated

ദോഹ: സിറിയയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഖത്വറും റഷ്യയും ധാരണയിലെത്തി. കഴിഞ്ഞ ദിവസം മോസ്‌കോയില്‍ ഖത്വര്‍ വിദേശകാര്യമന്ത്രി ഖാലിദ് അല്‍ അത്വിയ്യയും റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ഗേവ് ലാവ്‌റോയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ സമാധാനത്തിനു വേണ്ടി പ്രതിപക്ഷവുമായും പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഗവണ്‍മെന്റുമായും സംഭാഷണം നടത്തും. സിറിയന്‍ വിഷയം തങ്ങള്‍ വിശദമായി സംസാരിച്ചുവെന്നും സിറിയന്‍ പരിഹാരത്തിനു വേണ്ടിയുള്ള കരാര്‍ നടപ്പിലാക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഖാലിദ് അല്‍ അത്വിയ്യയുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു അറിയിപ്പ്. എന്നാല്‍ ചര്‍ച്ചയുടെയോ ധാരയുടെയോ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഐകകണ്‌ഠ്യേന പിന്തുണ അറിയിച്ചിരുന്നു.
അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ അടുത്ത വര്‍ഷം ആദ്യത്തില്‍ സിറിയന്‍ സമാധാനത്തിനു വേണ്ടിയുള്ള ഫോര്‍മുല പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്വര്‍ ഏറ്റെടുക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നോട്ടു പോകാനാകും എന്നും പ്രതീക്ഷിക്കുന്നു. അസദിന്റെ ഭാവി സിറിയയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നതാണ് റഷ്യയുടെ നിലപാട്. അതേസമയം, സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം വൈകുന്നത് നഷ്ടങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നും ഖത്വര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിറിയന്‍ സമാധാനത്തിനു വേണ്ടി എല്ലാവരും ഇടപെടണമെന്നും ഖത്വര്‍ പറയുന്നു.
പോരാട്ടം ഒരു വിഭാഗത്തിനും ഗുണം ചെയ്യുന്നില്ല എന്നതിനാല്‍ പരാഹാരത്തിനായി റഷ്യയുമായി ചേര്‍ന്നു നില്‍ക്കുകയാണെന്ന് അത്വിയ്യ പറഞ്ഞു. പരിഹാരം വൈകിയാല്‍ ഉണ്ടാകുന്ന കെടുതികള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക സിറിയന്‍ ജനതയാകും. സിവില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവ സംഭാഷണത്തില്‍ പങ്കുചേരാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് മുഅല്ലം പറഞ്ഞു. പ്രതിപക്ഷ പ്രതിനിധികളുടെ ലിസ്റ്റ് കിട്ടുന്നതനുസരിച്ച് തങ്ങളുടെ പ്രതിനിധികളും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ ആരംഭിച്ച സിറിയന്‍ പ്രശ്‌നം ഇതിനകം രണ്ടരലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തുകയും ദശലക്ഷക്കണക്കിനാളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ പ്രശ്‌ന പരിഹാര വിഷയത്തില്‍ റഷ്യക്കും ഖത്വറിനും ഒരേ ലക്ഷ്യമാണുള്ളതെങ്കിലും ഇരുവരും അവരുടെ ആശയം പങ്കുവെക്കുന്നില്ലെന്നും ചര്‍ച്ചകളില്‍ അസദിന്റെ പങ്കാളിത്തം സംബന്ധിച്ചും വ്യക്തതകളില്ലെന്നും അല്‍ ജസീറ റിപ്പോട്ടര്‍ പീറ്റര്‍ ഷാര്‍പ് പറഞ്ഞു.

---- facebook comment plugin here -----

Latest