Connect with us

National

ജെയ്റ്റ്‌ലിക്കെതിരായ ആരോപണം: കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ ബി ജെ പി. എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനു (ഡി ഡി സി എ) മായി ബന്ധപ്പെട്ട് ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ധനമന്ത്രിക്കെതിരെ അഴിമതിക്ക് തെളിവ് പുറത്തുവിട്ടത്.
ഇതേത്തുടര്‍ന്ന്, കീര്‍ത്തി ആസാദിനെതിരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ബി ജെ പിക്കകത്തുനിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ജെയ്റ്റ്‌ലിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ഉറച്ച പിന്തുണയാണ് നല്‍കിയത്. അതിനിടെ, തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്ന കീര്‍ത്തി ആസാദ്, വിമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ലിമെന്റിലും അദ്ദേഹം തന്റെ ആരോപണം ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ക്ക് ബി ജെ പി നിര്‍ബന്ധിതമായത്.
അച്ചടക്ക നടപടി കൈക്കൊള്ളുന്നതിന് മുന്നോടിയായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നോട്ടീസ് പുറത്തിറക്കിയത്. ശിക്ഷാ നടപടിക്ക് മുമ്പ് കീര്‍ത്തി ആസാദിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല.

Latest