ന്യൂസിലന്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Posted on: December 22, 2015 11:28 am | Last updated: December 22, 2015 at 11:31 am

mccullumവെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കരിയറിലെ 101ാം ടെസ്റ്റിലായിരിക്കും മക്കല്ലം വിരമിക്കുക.

ന്യൂസിലന്റിന്റെ താരവും നായകനും ആകാനായതില്‍ വളരെ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കിവീസിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ വെടിക്കെട്ടു ബാറ്റ്‌സ്മാനായ ബ്രണ്ടന്‍ മക്കല്ലം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2002ല്‍ അരങ്ങേറിയ മക്കല്ലം കിവീസിന്റെ ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ്. 99 ടെസ്റ്റുകളില്‍ 6723 റണ്‍സെടുത്തു. 11 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും നേടി. 254 ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയുടേയും അകമ്പടിയോടെ 5909 റണ്‍സും നേടി. 71 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 2140 റണ്‍സെടുത്തു. രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും നേടി. വിക്കറ്റ് കീപ്പറായും മികച്ച പ്രകടനമാണ് മക്കല്ലം നടത്തിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കായി മക്കല്ലം കളിച്ചിട്ടുണ്ട്.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്