ശരീഅത്തിനെതിരെയുള്ള വിമര്‍ശം അജ്ഞതയുടെ സൃഷ്ടി: കാന്തപുരം

Posted on: December 13, 2015 11:35 pm | Last updated: December 13, 2015 at 11:35 pm

തിരൂരങ്ങാടി: പ്രവാചകാധ്യാപനങ്ങള്‍ കാലാതിവര്‍ത്തിയാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കുണ്ടൂര്‍ ഉസ്താദ് ഉറൂസ് സമാപന സമ്മേളനത്തില്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനബി മുന്നോട്ട് വച്ച ദര്‍ശനങ്ങള്‍ കാല- ദേശ പരിമിതികള്‍ക്കപ്പുറത്തുള്ളതാണ്. ഏത് കാലത്തേക്കും സ്വീകാര്യമായ ആശയങ്ങളാണ് പ്രവാചകര്‍ പഠിപ്പിച്ചത്. മാതൃകാ സമൂഹ സൃഷ്ടിപ്പിലൂടെ ഈ ദര്‍ശനങ്ങളുടെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ തിരുനബിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക ശരീഅത്തിനെതിരെയുള്ള വിമര്‍ശനങ്ങളെല്ലാം മതം പഠിക്കാതെയുള്ളതാണ്. ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതാണെന്നതില്‍ സന്ദേഹമില്ല. സാമൂഹിക ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും ഇസ്‌ലാം മത ഗ്രന്ഥങ്ങള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. മതത്തിന്റെ യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്ന് മത നിയമങ്ങള്‍ പഠിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.