വ്യവസായ മേഖലയില്‍ 1200 കമ്പനികള്‍ക്ക് ഭൂമി

Posted on: December 7, 2015 10:26 pm | Last updated: December 7, 2015 at 10:26 pm

ദോഹ: സ്വതന്ത്ര വ്യവസാസ മേഖലയിലെ ലൊജിസ്റ്റിക് പ്രേദശത്ത് വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ 1200 കമ്പനികള്‍ക്ക് അനുമതി. ഇന്നലെ ഭൂമി അനുവദിക്കുന്നതിനായി നടന്ന നറുക്കെടുപ്പിലാണ് കമ്പനികള്‍ യോഗ്യത നേടിയതെന്ന് എകണോമിക് സോണ്‍ സി ഇ ഒ ഫഹദ് റാശിദ് അല്‍ കഅബി അറിയിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി അനുവദിക്കുന്നതിനു വേണ്ടിയുള്ള നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.
തീര്‍ത്തും സുതാര്യമായ രീതിയിലാണ് നറുക്കെടുപ്പു നടന്നതെന്നും പൊതുമേഖലാ, സ്വകാര്യ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പു നടപടികളെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ പങ്കു ചേരാന്‍ സ്വകാര്യ മേഖലക്കു നല്‍കുന്ന അവസരംകൂടിയാണ് സ്വതന്ത്ര വ്യാവസായ മേഖലയിലെ ഭൂമി അനുവദിക്കല്‍. സ്വദേശി നിക്ഷേപകര്‍ക്കാണ് ഇന്നലെ ഭൂമി അനുവദിച്ചത്. വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ വികസനത്തിനു സാക്ഷ്യം വഹിക്കുന്ന ലൊജസ്റ്റിക് രംഗത്തെ വ്യവസായ സംരംഭങ്ങള്‍ക്കു വേണ്ടിയാണ് ഭൂമി അനുവദിച്ചത്.