കൗമാരക്കുതിപ്പിന് തുടക്കം

Posted on: December 5, 2015 7:26 pm | Last updated: December 6, 2015 at 12:28 am

3 viknesh r nambiyarകോഴിക്കോട്: പുതിയ വേഗവും ഉയരവും തേടി കൗമാര കേരളത്തിന്റെ കുതിപ്പിന് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ ആവേശത്തുടക്കം. 59ാമത് മേളയുടെ വരവറിയിച്ചുകൊണ്ട് 59 വെള്ളരിപ്രാവുകള്‍ വാനില്‍ ഉയര്‍ന്നതോടെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ക്ക് വെടിമുഴങ്ങി. ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ മറികടക്കുന്ന കൗമാര പ്രതിഭകളുടെ കുതിപ്പിനാണ് പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ ദിനം പടിയിറങ്ങിയപ്പോള്‍ കായിക മേളയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനം കൈയടിക്കിവെച്ച എറണാകുളം ജില്ലയാണ് മുന്നിട്ടുനില്‍ക്കുന്നത്. 54 പോയിന്റ് നേടിയ എറണാകുളത്തിന് പിറകില്‍ 39 പോയിന്റുമായി കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാടുണ്ട്. ആതിഥേയ ജില്ലയായ കോഴിക്കോട് 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
സ്‌കൂള്‍ വിഭാഗത്തില്‍ നിരവധി തവണ ചാമ്പ്യന്മാരായ എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസാണ് ഒന്നാം സ്ഥാനത്ത്. പാലക്കാടന്‍ കരുത്തുമായി കായിക മേളകളിലെ രാജാക്കന്മാരായ പറളി എച്ച് എസ് എസാണ് രണ്ടാം സ്ഥാനത്ത്. ഏഴിനത്തില്‍ മീറ്റ് റെക്കോര്‍ഡും രണ്ടിനത്തില്‍ ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനവുമുണ്ടായി. ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും കോതമംഗം മാര്‍ ബേസില്‍ എച്ച് എസ് എസിലെ അനുമോള്‍ തമ്പിയുമാണ് ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തിയത്. 5,000 മീറ്റര്‍ ഓട്ടത്തില്‍ 21 കൊല്ലം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡാണ് പഴങ്കഥയായത്. കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസിലെ ബിബിന്‍ ജോര്‍ജാണ് ഈ നേട്ടത്തിന് ഉടമ.
വാഹനസൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് അയ്യായിരം മീറ്റര്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കൊല്ലം ജില്ലയിലെ മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാനാകാതെ പോയതിലുള്ള പ്രതിഷേധം ആദ്യദിനത്തില്‍ കല്ലുകടിയായി.
പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തിയതോടെ തുടക്കമായ മേളയുടെ ഉദ്ഘാടനം കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷനായിരുന്നു.