Connect with us

Gulf

ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ക്ക് ശിപാര്‍ശ

Published

|

Last Updated

ദോഹ: ബസ് സ്റ്റോപ്പുകളില്‍ ശീതീകരണ സംവിധാനം ഒരുക്കണമെന്ന് ഗതാഗത മന്ത്രാലയത്തോട് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി). ജനസാന്ദ്രത കണക്കിലെടുത്ത് ബസ് സ്റ്റേഷനുകള്‍ നവീകരിക്കണമെന്നും ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കുമ്പോള്‍ കലാപരമായിരിക്കണമെന്നുമടക്കം പൊതുഗതാഗത സംവിധാനത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി ശിപാര്‍ശകള്‍ ഗതാഗത മന്ത്രാലയത്തിന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സമര്‍പ്പിച്ചു.
ഇന്‍ട്രാ സിറ്റി, ഇന്റര്‍ സിറ്റി ബസ് റൂട്ടുകള്‍ക്കും സ്റ്റോപ്പുകള്‍ക്കും സമഗ്ര സംവിധാനം കൊണ്ടുവരണമെന്നും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകാന്‍ പോകുന്ന റെയില്‍ പദ്ധതിയുമായി ഇത് സമന്വയിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്തു. പബ്ലിക് സര്‍വീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മീഷന്‍ (പി എസ് യു സി) റിപ്പോര്‍ട്ട് അനുസരിച്ചാണ് ശിപാര്‍ശ. ബസ് സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാനും സി എം സി വൈസ് ചെയര്‍മാനുമായ എന്‍ജിനീയര്‍ ഹമദ് ലഹ്ദാന്‍ അല്‍ മുഹന്നദി അറിയിച്ചു. കടുത്ത വേനല്‍ക്കാലത്ത് ശീതീകരണ സംവിധാനമില്ലാത്ത സ്റ്റോപ്പുകളില്‍ നില്‍ക്കുന്നത് ഏറെ പ്രയാസകരമാണെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്.
ജനസാന്ദ്രതക്ക് ആനുപാതികമായി രാജ്യത്തുടനീളം ബസ് സ്റ്റേഷനുകളുടെ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്റര്‍സെക്ഷനുകള്‍ക്ക് സമീപം ഇത്തരം കേന്ദ്രം വേണം. അപ്പോള്‍ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും കൂടുതല്‍ എളുപ്പമാകുന്ന രീതിയില്‍ ബസ് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ബസ് സ്റ്റേഷനുകളും ഭാവിയില്‍ വരുന്ന റൂട്ടുകളും സംബന്ധിച്ച് സമഗ്ര പദ്ധതി തയ്യാറാക്കുകയും ഇത് ഖത്വര്‍ റെയിലുമായി ബന്ധിപ്പിക്കുകയും വേണം. അപ്പോള്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും ജനസൗഹൃദമാകുകയും ചെയ്യുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest