യൂണിവേഴ്‌സല്‍ ആശുപത്രി വാര്‍ഷികാഘോഷത്തിന് തുടക്കമായി

Posted on: December 2, 2015 5:41 pm | Last updated: December 2, 2015 at 5:41 pm
യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതര്‍ അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍
യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതര്‍ അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: യൂണിവേഴ്‌സല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അതിന്റെ രണ്ടാം വാര്‍ഷികഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആരോഗ്യരംഗത്ത് രാജ്യത്തെ എണ്ണപ്പെട്ട സ്ഥാപനങ്ങളിലൊന്നായ യൂനിവേഴ്‌സല്‍ യു എ ഇ യുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എം ഡി ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഡിസംബര്‍ രണ്ടിന് രാവിലെ യു എ ഇ ദേശീയ പതാക ഉയര്‍ത്തുന്നതോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് യു എ ഇയുടെ പാരമ്പര്യ സംഗീത പരിപാടിയും നൃത്തനിത്യങ്ങളും അരങ്ങേറും. പൈതൃക ഗ്രാമം, ദേശീയ ഗാനം, ഫാല്‍ക്കണുകളുമൊത്തു ഫോട്ടോ ഷൂട്ട് എന്നീപരിപാടികള്‍ക്കൊപ്പം അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളും കുട്ടികള്‍ക്കായി പ്രത്യേക സ്ഥലവും ഒരുക്കും. ഉന്നത വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യൂനിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ നേട്ടങ്ങളില്‍ അഭിമാനമുെണ്ടന്നും കഴിഞ്ഞ കാലത്തെ മികച്ച ടീം വര്‍ക്കിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും ഡോ. ഷബീര്‍ നെല്ലിക്കോട് ഹോസ്പിറ്റലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിവുറ്റ മെഡിക്കല്‍, സര്‍ജിക്കല്‍ ടീം, മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയകള്‍, അപൂര്‍വ ശസ്ത്രക്രിയകള്‍ക്കായി കിട്ടിയ റഫറന്‍സ്, ഷാര്‍ജ, ദുബൈ, ബനിയാസ് എന്നിവിടങ്ങളിലെ ക്ലിനിക്കുകള്‍ എന്നിവയിലൂടെ ഈ രംഗത്തെ മികച്ച ഇടം നേടാന്‍ യൂണിവേഴ്‌സലിന് കഴിഞ്ഞത് അഭിമാനകരമാണ്. അതിലുപരി ഗുണമേന്മയുളള ആരോഗ്യ സേവനകേന്ദ്രമെന്ന മികച്ച മാതൃകയായി യൂണിവേഴ്‌സല്‍ വളര്‍ന്നതായും ഡോ. നെല്ലിക്കോട് പറഞ്ഞു. യൂണിവേഴ്‌സല്‍ സാമൂഹ്യ ആരോഗ്യ രംഗത്ത് ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച ദൗത്യങ്ങള്‍ സമൂഹം ഏറ്റെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍, സന്ദര്‍ശകര്‍, അതിഥികള്‍ എന്നിവരില്‍ നിന്ന് ലഭിച്ച ഹൃദ്യമായ പിന്തുണ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ്. ദേശീയതയുടെ ആത്മീയ ചൈതന്യം ഉള്‍ക്കൊളളുന്ന ഈ സന്ദര്‍ഭം നിറഞ്ഞ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 44 വര്‍ഷങ്ങിളായി യു എ ഇ സാമ്പത്തിക രംഗത്ത് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ആരോഗ്യം രംഗത്തും രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. പ്രൊഫഷണല്‍ മാതൃകയോടെ ഈ രംഗത്ത് അഭിമാനകരമായ സംഭാവനകള്‍ നല്‍കാന്‍ യൂണിവേഴ്‌സല്‍ ടീമിന് സാധിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 15 മുതല്‍ 30 വരെ നടത്തുന്ന വേദന നിവാരണ പ്രത്യേക ക്ലിനിക്കില്‍ യു എ ഇ പൗരന്‍മാര്‍ക്ക് ഈ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും അഞ്ചു മുതല്‍ ഒമ്പതുവരെയും നടത്തുന്ന ക്ലനിക്കില്‍ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം രോഗികളെ അതതു വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്ക് വിധേയമാക്കും. രോഗ തീവ്രതയനുസരിച്ച്, അസ്ഥിരോഗവിദഗ്ധര്‍, ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹീബിലിറ്റേഷന്‍ എന്നീ വിദഗ്ധരുടെ സേവനമാണ് ലഭിക്കുകയെന്നും ഡോ. ഷബീര്‍ പറഞ്ഞു.