ഇന്ത്യ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കും: പ്രധാനമന്ത്രി

Posted on: December 1, 2015 9:21 am | Last updated: December 1, 2015 at 10:06 pm

modi

പാരിസ്: ആഗോള താപനം നേരിടാന്‍ വികസിത രാജ്യങ്ങള്‍ വര്‍ഷം 100 ബില്യന്‍ ഡോളര്‍ സമാഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2030 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ നിര്‍ഗമനം 35 ശതമാനം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കാലാവസ്ഥാ വ്യതിയാനം ആഗോള രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ല. എന്നാല്‍ പ്രത്യാഘാതങ്ങള്‍ ഇന്ത്യയും അനുഭവിക്കുന്നുണ്ട്. ആഗോള താപനം നിയന്ത്രിക്കുന്നതിലും കാര്‍ബണ്‍ നിര്‍ഗമനം നിയന്ത്രിക്കുന്നതിലും വികസിത രാജ്യങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റണം. ഇതിനായി കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടാകണം. ഇന്ത്യ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമായിരിക്കും സ്വീകരിക്കുക. പുനരുപയോഗ സാധ്യമായ ഊര്‍ത്തിന് ഇന്ത്യ പ്രധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.

france-climate-countdown
രാജ്യാന്തര സൗരോര്‍ജ കൂട്ടുകെട്ടിന് ഫ്രാന്‍സുമായും പ്രധാനമന്ത്രി തുടക്കം കുറിച്ചു. സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ മുന്‍ കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ് ഉച്ചകോടിയില്‍ സംബന്ധിച്ച ശേഷം യു എസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവരോട് കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
12 ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ 150 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ സമ്മേളനത്തിന്റെ മുഖ്യവേദിയായ പാരീസിലെ ലെ ബോര്‍ഗറ്റ് മേഖലയില്‍ മാത്രം 28,00 സുരക്ഷാ സൈനികരെയാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. പടക്കങ്ങള്‍, ഗ്യാസ് സിലിന്‍ഡറുകള്‍, എളുപ്പം തീപ്പിടിക്കുന്ന മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്നതും കൊണ്ടുവരുന്നതും ഉച്ചകോടി തീരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്.