മലപ്പുറത്തെ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍: അന്വേഷണം ആരംഭിച്ചു

Posted on: November 28, 2015 11:52 pm | Last updated: November 28, 2015 at 11:52 pm
SHARE

voteമലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറായത് സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങി. പ്രമുഖ സാങ്കേതിക വിദഗ്ധനായ ശ്രീവത്സന്‍, പൂനെയിലെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സി ഡാക്) ഡയറക്ടര്‍ രജത് മൂണ, സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി രമണി എന്നിവരടങ്ങിയ മൂന്നംഗ സംഘം ഇന്നലെ മലപ്പുറം കലക്ടറേറ്റിലെത്തി കേടായ യന്ത്രങ്ങള്‍ പരിശോധിച്ചു. പരിശോധന ഇന്നും തുടരും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫിസര്‍മാര്‍, റിട്ടേണിംഗ് ഓഫിസര്‍മാര്‍ എന്നിവരില്‍ നിന്നു സംഘം മൊഴിയെടുത്തു. അന്വേഷണ സംഘത്തിന്റെ ആദ്യ സിറ്റിംഗായിരുന്നു ഇന്നലെ. മൂന്ന് മാസത്തോളം അന്വേഷണം തുടരുമെന്നാണ് അറിയുന്നത്. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. നിര്‍മാണത്തിലെ തകരാര്‍, യന്ത്രങ്ങള്‍ ഒന്നിച്ച് ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം, ആരെങ്കിലും മനപൂര്‍വം കേടുവരുത്തുക എന്നീ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. ബാഹ്യമായ ഇടപെടലുകള്‍ ഓരോ ബൂത്തുകളിലും ഉണ്ടായോ എന്നും അന്വേഷണ പരിധിയില്‍ വരും.
വോട്ടിംഗ് യന്ത്രം നിര്‍മിച്ച ഹൈദരാബാദ് കേന്ദ്രമായ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(ഇ സി ഐ എല്‍) പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിട്ടും തുടര്‍ന്നു. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുക.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 250ലേറെ യന്ത്രങ്ങള്‍ മലപ്പുറത്ത് തകരാറായിരുന്നു. ഇതേ തുടര്‍ന്ന് 105 ബൂത്തുകളിലാണ് റീ പോളിംഗ് നടന്നത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ബൂത്തുകളില്‍ റീ പോളിംഗ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here