മറവിക്കും മരണത്തിനുമിടയില്‍ 1.9 ലക്ഷം കേരളീയര്‍

Posted on: September 21, 2015 4:33 am | Last updated: September 20, 2015 at 11:35 pm

alssimersകൊച്ചി: ലോകം ഇന്ന് അള്‍ഷിമേഴ്‌സ് ദിനം ആചരിക്കുമ്പോള്‍ ഓര്‍മ നഷ്ടപ്പെട്ട് മറവിക്കും മരണത്തിനുമിടയില്‍ കഴിയുന്നത് 1.9 ലക്ഷം കേരളീയരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ അള്‍ഷിമേഴ്‌സ് ഡീസീസ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ലോകത്ത് 46.8 ദശലക്ഷം പേര്‍ക്കാണ് അള്‍ഷിമേഴ്‌സ് പിടിപെട്ടിരിക്കുന്നത്. ഇതില്‍ 4.1 കോടിയും ഇന്ത്യക്കാരാണ്. ഓരോ 3.2 സെക്കന്റുനുള്ളിലും ഒരാള്‍ വീതം നിത്യ മറവിയിലേക്ക് വഴുതിവീഴുന്നെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖമാണ് അല്‍ഷിമേഴ്‌സ് (സ്മൃതിനാശം) എന്ന മറവി രോഗം. പിടിപെട്ടാല്‍ പടിപടിയായി മരണത്തിലേക്കെത്തിക്കുന്നതും നിലവില്‍ ചികിത്സയില്ലാത്തതുമായ രോഗമാണിത്. അള്‍ഷിമേഴ്‌സ് സ്ഥിരീകരിച്ചാല്‍ ശരാശരി ഏഴ് വര്‍ഷത്തിനുള്ളില്‍ മരിച്ചേക്കാമെന്നും മൂന്ന് ശതമാനത്തില്‍ത്താഴെ രോഗികള്‍ മാത്രമാണ് 14 വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അള്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും 74.7 ദശലക്ഷം പേരും 2050 ആകുമ്പോഴേക്കും 131.5 ദശലക്ഷം പേരും മറവി രോഗത്തിന് അടിമകളായി മരണത്തിന് കീഴടങ്ങുമെന്നാണ് കണക്കുകള്‍.
പൊതുവെ 65 വയസ്സിന് മുകളിലുള്ളവരിലാണ് അള്‍ഷിമേഴ്‌സ് പിടിപെടുന്നത്. സംസ്ഥാനത്തെ 41 ലക്ഷം വയോജനങ്ങളില്‍ 1.9 ലക്ഷം പേര്‍ക്കും അള്‍ഷിമേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വയോജനങ്ങളില്‍ മാത്രമല്ല 40 വയസ്സില്‍ താഴെയുള്ളവരിലും അള്‍ഷിമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അള്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ ജേക്കബ് റോയ് സിറാജിനോട് പറഞ്ഞു. ഓര്‍മക്കുറവ്, ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്, സാധാരണ ചെയ്യാറുള്ള ദിനചര്യകള്‍ ചെയ്യാന്‍ പറ്റാതെ വരിക, സ്ഥലകാലബോധം നഷ്ട്ടപ്പെടുക, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതെ വരിക, സാധനങ്ങള്‍ എവിടെങ്കിലും വെച്ച് മറക്കുക, ഒരു കാര്യത്തിലും താത്പര്യം ഇല്ലാതാകുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് വാര്‍ധക്യം മൂലമോ ജീവിതസമ്മര്‍ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും രോഗികള്‍ക്ക് വൈദ്യശുശ്രൂഷയും സ്‌നേഹവും പരിചരണവും നല്‍കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജനിതകമായും പാരിസ്ഥിതികമായുമുള്ള കാരണങ്ങള്‍ അള്‍ഷിമേഴ്‌സിനു വഴിവെക്കുന്നുള്ളതായാണ് കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുമ്പ് എറണാംകുളം തിരുവാണിയൂര്‍ പഞ്ചായത്തില്‍ അള്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നാല് ശതമാനം പേര്‍ക്കും അള്‍ഷിമേഴ്‌സ് ഉള്ളതായി കണ്ടെത്തിയിരുന്നു.
കൊച്ചി നഗരത്തില്‍ നടത്തിയ മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ 3.3 ശതമാനവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് തൃശൂര്‍ ജില്ലയില്‍ നടത്തിയ പഠനത്തില്‍ 3.3 ശതമാനവും ഡിമന്‍ഷ്യ ബാധിതരുള്ളതായി കണ്ടെത്തിയിരുന്നു.