വിവാദ സ്ഥാനചലനങ്ങള്‍: പാര്‍ട്ടിയും സര്‍ക്കാറും കൂടുതല്‍ അകലുന്നു

Posted on: September 19, 2015 9:19 am | Last updated: September 19, 2015 at 11:39 pm

oommenchandi with vm sudeeranതിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ഡി ജി പി ജേക്കബ് തോമസിനെയും കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെയും മാറ്റിയ നടപടിയില്‍ സര്‍ക്കാറും പാര്‍ട്ടിയും ഏറ്റുമുട്ടലിലേക്ക്. പാര്‍ട്ടി നേതൃത്വം ഉന്നയിച്ച ആവശ്യങ്ങള്‍ നിഷേധിച്ച് സര്‍ക്കാറും സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിച്ച് പാര്‍ട്ടി നേതൃത്വവും രംഗത്തുവന്നതോടെ ഒരുവേള ശമിച്ചിരുന്ന ഏറ്റുമുട്ടല്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉണ്ടാകുന്നത്.
അഴിമതിക്കാരനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ കത്ത് മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് ഡി ജി പി സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയത്. ഇരു പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ സുധീരന്‍ പരസ്യമായാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ അതൃപ്തി സുധീരന്‍ തുറന്നുപ്രകടമാക്കുകയും ചെയ്തു.
കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിക്കുമെന്ന് സൂചന നല്‍കി പ്രശ്‌നം ഹൈക്കാമാന്‍ഡില്‍ എത്തിക്കുമെന്ന സന്ദേശവും സുധീരന്‍ നല്‍കി. വിവാദ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. അടുത്ത ദിവസം കര്‍ഷക റാലിക്കായി ഡല്‍ഹിക്ക് പോകുമ്പോള്‍ സംസ്ഥാനത്തെ വിഷയങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനാണ് സുധീരന്റെ നീക്കം. കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ സുധീരന്റെ നിലപാടുകള്‍ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇനിയും ഇടപെടുമെന്നായിരുന്നു സുധീരന്റെ മറുപടി. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ മാറ്റിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.
അതേസമയം, പാര്‍ട്ടിയിലും സര്‍ക്കാറിലും ഉടലെടുത്ത അഭിപ്രായഭിന്നത തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും. ജേക്കബ് തോമസിനെ അഗ്നിശമന സേനയുടെ ചുമതലയില്‍ നിന്ന് മാറ്റിയത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്നും ഇക്കാര്യത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയെയും മഞ്ഞളാംകുഴി അലിയെയും പഴിചാരേണ്ടതില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചപ്പോള്‍, വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുതെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമായിരുന്നു സുധീരന്റെ പ്രതികരണം.
അതിനിടെ, കെ പി സി സി പുനഃസംഘടനയെ പറ്റി ഹൈക്കമാന്‍ഡില്‍ നിന്ന് ഇതുവരെ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. പുനഃസംഘടനയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയാണ് മുന്നോട്ടുപോയത്. എ ഐ സി സി താത്പര്യപ്രകാരമാണ് പുനഃസംഘടനക്ക് വഴിയൊരുങ്ങിയത്. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് എന്ത് തീരുമാനം വന്നാലും പാലിക്കുമെന്നും സുധീരന്‍ പറഞ്ഞു.