കുട്ടികൃഷ്ണ മാരാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍

Posted on: September 7, 2015 3:03 pm | Last updated: September 7, 2015 at 3:03 pm

രാജീവ് ശങ്കരന്‍
ഹസ്തിനപുരിയിലെ രാജാവും മരുമകനുമായ വിചിത്രവീര്യനു വേണ്ടി അംബയെയും അംബികയെയും അംബാലികയെയും തട്ടിക്കൊണ്ടുവരുന്ന ഭീഷ്മര്‍. സാല്വ രാജാവിനെ മനസ്സാവരിച്ചിരുന്നുവെന്ന് തുറന്നു പറയുന്ന അംബ. സാല്വ രാജാവിന്റെ സമീപത്തേക്ക് അംബയെ അയക്കുന്ന ഭീഷ്മര്‍. മറ്റൊരാള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാല്വന്‍. തന്റെ ദുരിതത്തിനെല്ലാം കാരണം ഭീഷ്മരെന്ന് വിലയിരുത്തി, അദ്ദേഹത്തെ വധിക്കാന്‍ നിശ്ചയമെടുക്കുന്ന അംബ. അവര്‍ക്കുവേണ്ടി ആയുധമെടുക്കുന്ന പരശുരാമന്‍. വ്യാസസൃഷ്ടമായ മഹാഭാരതത്തിലെ പാത്രങ്ങളെ അധികരിച്ച് കുട്ടികൃഷ്ണ മാരാര്‍ എഴുതിയ ഭാരതപര്യടനത്തില്‍ ഭീഷ്മരെയും ദശാവതാരത്തില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെയും ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.
ഭീഷ്മനെ വധിക്കുക എന്ന നിശ്ചയത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന അംബ ആദ്യമെത്തുന്നത് സന്യാസിമാരുടെ നികടത്തിലാണ്. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സന്യാസിമാരുടെ തീരുമാനം. അതിനിടയിലാണ് പരശുരാമന്‍ ആശ്രമത്തിലേക്ക് എത്തുന്നതും അംബ അദ്ദേഹത്തോട് തന്റെ അവസ്ഥ വിവരിക്കുന്നതും. ക്ഷത്രിയവധം 21 വട്ടം പൂര്‍ത്തിയാക്കി, ആയുധം താഴെവെച്ച പരശുരാമന്‍, അംബക്കു വേണ്ടി ഭീഷ്മരോട് സംസാരിക്കാമെന്നും വഴങ്ങുന്നില്ലെങ്കില്‍ യുദ്ധം ചെയ്ത് വധിക്കാമെന്നും വാക്കുനല്‍കുന്നു. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിപ്പിക്കുന്നത് ഉചിതമാകില്ലെന്ന സംന്യാസിമാരുടെ തീരുമാനത്തെയും ആയുധം താഴെവെക്കുന്നുവെന്ന പ്രതിജ്ഞ ഉപേക്ഷിച്ച് ഭീഷ്മരുമായി ഏറ്റുമുട്ടാന്‍ പരശുരാമന്‍ എടുക്കുന്ന തീരുമാനത്തെയും വിമര്‍ശബുദ്ധ്യാ സമീപിക്കുന്നുണ്ട് കുട്ടികൃഷ്ണമാരാര്‍.
വര്‍ഷങ്ങള്‍ തപം ചെയ്ത് സ്വായത്തമാക്കിയ സംയമത്തിന്, അംബയുടെ സാമീപ്യം ഇളക്കം തട്ടിക്കുമോ എന്ന ഭയം കൂടി സന്യാസിമാരുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കുട്ടിക്കൃഷ്ണമാരാര്‍ സൂചിപ്പിക്കുന്നു. ഇനി ആയുധമെടുക്കില്ലെന്ന തീരുമാനം മാറ്റാന്‍ വൃദ്ധതാപസിയും അവതാരപുരുഷനുമായ പരശുരാമന്‍ തീരുമാനിച്ചതില്‍, അംബയുടെ യൗവന ലാവണ്യം കാരണമായിട്ടുണ്ടോ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നു. ദൃഢപ്രതിജ്ഞകളില്‍ നിന്ന് പിന്മാറാനുള്ള പ്രേരണകളെയൊന്നാകെ തള്ളിക്കൊണ്ട്, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ഭീഷ്മരെയും പരശുരാമനെയും താരമ്യം ചെയ്യുന്നുമുണ്ട് കുട്ടികൃഷ്ണ മാരാര്‍. പരശുരാമനെക്കാള്‍ യശോധാവള്യം, ഭീഷ്മനാണെന്ന് പറയുമ്പോഴും പ്രതിജ്ഞകളില്‍ ഉറച്ച്, കീര്‍ത്തി സമ്പാദിക്കാനുള്ള ശ്രമം ഭീഷ്മര്‍ നടത്തുന്നുവോ എന്ന സംശയം മാരാര്‍ ഉന്നയിക്കുകയും ചെയ്യുന്നു.
ഹനുമാന്‍ സേനക്കാര്‍ ഭീഷണിമുഴക്കുകയും സംഘ്പരിവാറിന്റെ അസഹിഷ്ണുത അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന ഇക്കാലത്തെങ്ങാനുമാണ് കുട്ടികൃഷ്ണ മാരാര്‍ ജീവിച്ചിരുന്നതെങ്കില്‍! സര്‍വസംഗ പരിത്യാഗികളായ സന്യാസിമാരെ, വികാരങ്ങള്‍ക്കടിപ്പെടാനിടയുള്ളവരായി ചിത്രീകരിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നോ? അവതാരപുരുഷന്‍മാരില്‍ ഒരാളെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമന്‍, പ്രതിജ്ഞയുപേക്ഷിക്കാന്‍ തീരുമാനിച്ചത്, അംബയുടെ യൗവന ലാവണ്യത്തില്‍ മനംമയങ്ങിയാണെന്ന് ദ്യോതിപ്പിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമായിരുന്നോ? ഹിന്ദുവും അതില്‍ തന്നെ സവര്‍ണനുമായതിനാല്‍ മാരാര്‍ക്ക് വിമര്‍ശങ്ങളൊക്കെ ആകാമെന്ന് സേനക്കാര്‍ തീരുമാനിക്കുമായിരുന്നോ?
സാഹിത്യകാരനും വിമര്‍ശകനുമായ എം എം ബഷീര്‍, രാമായണത്തെ അധികരിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഭീഷണിക്കിരയായ പശ്ചാത്തലത്തിലാണ് ഭാരതപര്യടനത്തെക്കുറിച്ച് ഓര്‍ത്തത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കില്‍കൂടി രാമായണം പൊതുവില്‍ പരിഗണിക്കപ്പെടുന്നത് ഇതിഹാസ കാവ്യമെന്ന നിലക്കാണ്. അത് പലവിധം വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വാത്മീകീ രാമായണത്തില്‍ ‘വില്ലനാ’യ രാവണനെ നായകനാക്കി സൃഷ്ടികളുണ്ടായി. സീതയെ കേന്ദ്രീകരിച്ചുള്ള രചനകളുണ്ടായി, രാമന്‍ പാലിച്ചുവെന്ന് പറയുന്ന രാജനീതി ശരിയോ എന്ന ചോദ്യം ഇത്തരം രചനകള്‍ ഉയര്‍ത്തുകയും ചെയ്തു. വാത്മീകി വിരചിതമായ രാമായണമോ അതിലെ നായകപാത്രമായ രാമനോ വിമര്‍ശത്തിന് അതീതമായ ഒന്നായിരുന്നില്ല. പിന്നെ എം എം ബഷീറൊരു ലേഖനപരമ്പരയെഴുതുമ്പോള്‍ ഭീഷണിയുമായി രംഗത്തുവരുന്നതിന്റെ കാരണമെന്ത്? ‘ഹിന്ദു ദൈവ’മായ രാമനെ വിമര്‍ശിക്കാന്‍ ഒരു മുസ്‌ലിം മുതിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത്തരം പ്രചാരണത്തിന് ഉതകുന്ന അന്തരീക്ഷം നിലവിലുണ്ടെന്ന് മനസ്സിലാക്കുകയും അത് രാഷ്ട്രീയലാഭമുണ്ടാക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുമാണ് ഇവര്‍.
ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍പ്പോലും സാഹിത്യകൃതി എന്ന അസ്തിത്വം രാമായണത്തിനും മഹാഭാരതത്തിനുമൊക്കെയുണ്ട്. വിശാലമായ ഭാവനയിലുള്ള അതിരറ്റ വിശ്വാസം മൂലമാണ് ഇതിലില്ലാത്തതൊന്നും മറ്റെവിടെയുമുണ്ടാകില്ലെന്ന് മഹാഭാരത കര്‍ത്താവ് പ്രഖ്യാപിച്ചത്. അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ തുടര്‍ന്നുവരുന്ന തലമുറകള്‍ക്കൊക്കെ വ്യാഖ്യാനിക്കാനുള്ള അനുമതി കൂടിയാണ് രചയിതാവ് നല്‍കുന്നതും. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്കൊക്കെ വിലങ്ങിടുക എന്നതാണ്, ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന സംഘ്പരിവാരം ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയ ഉദാഹരണമാണ് എം എം ബഷീറിനുണ്ടായ അനുഭവം.
രാമായണത്തെയോ മഹാഭാരതത്തെയോ ഒക്കെ, മതത്തിനുള്ളിലേക്ക് പരിമിതപ്പെടുത്തുകയും അവകളെ കൈകാര്യം ചെയ്യാനുള്ള അവകാശം മതത്തിനുള്ളിലുള്ളവര്‍ക്കു മാത്രമായി ചുരുക്കുകയും ചെയ്യാനാണ് ശ്രമം. അതിന് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍, ‘നമ്മുടെ’ ദൈവങ്ങളെയും അവരുടെ ചരിതങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ അന്യമതസ്ഥര്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത വളര്‍ത്തിയെടുക്കാനും. ‘ഭഗവാന്‍ കാലുമാറുന്നു’, ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ തുടങ്ങിയ സര്‍ഗസൃഷ്ടികള്‍ക്കെതിരെ നീക്കങ്ങളുണ്ടായപ്പോള്‍ സമുഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളോട് ജാഗ്രത പുലര്‍ത്തപ്പെട്ടിരുന്നു. ‘ഈ മേത്തനാരാ രാമായണത്തെക്കുറിച്ച് എഴുതാന്‍’ എന്ന തോന്നലിനാണ് പുതിയ കാലത്ത് പ്രാമുഖ്യം. അത്തരമൊരു അവസ്ഥ, കേരളത്തില്‍പ്പോലും സൃഷ്ടിച്ചെടുക്കുന്നതില്‍ സംഘ് പരിവാരം വിജയിച്ചിരിക്കുന്നുവെന്ന് ചുരുക്കം. രാമായണത്തെക്കുറിച്ചെഴുതാന്‍ ബഷീറിന് അവകാശമുണ്ടെന്ന് വാദിച്ച്, ‘അജ്ഞാത’രുടെ ആക്രമണത്തിനോ ഹനുമാന്‍ സേനക്കാരുടെ അസഭ്യവര്‍ഷത്തിനോ വിധേയരാകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാകണം.
വിവിധ മേഖലകളിലെ കാവിവത്കരണശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ കുടിയിരുത്തിക്കൊണ്ടിരിക്കയാണ്. ആര്‍ എസ് എസ് ബന്ധമുള്ളവര്‍ പട്ടികയിലില്ലെന്ന കാരണത്താല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം മാറ്റിവെക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്ത പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസത്തെ ‘ഭാരതവത്കരിക്കണ’മെന്ന് ആര്‍ എസ് എസ് നിര്‍ദേശം നല്‍കുമ്പോള്‍ കാവിവത്കരണത്തിന് വേഗം കൂട്ടണമെന്ന ആജ്ഞയായി വേണം കാണാന്‍. അത് പാലിക്കപ്പെടുമ്പോള്‍ എതിര്‍പ്പുന്നയിക്കുന്നവരെ നേരിടുന്ന രീതിയും കടുക്കും. ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, പ്രൊഫ. എം എം കല്‍ബുര്‍ഗിയെ ‘അജ്ഞാതര്‍’ വധിച്ചത് അടുത്തിടെയാണ്. കൊലപാതകത്തെ സ്വാഗതം ചെയ്ത ബജ്‌രംഗ്ദള്‍ നേതാവ്, ഹിന്ദുത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള വിധി ഇതാണെന്ന് കുറിക്കുകയും അടുത്ത ഇര യാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്ന പ്രൊഫ. കെ എസ് ഭഗവാനാണെന്ന് പറയുകയും ചെയ്തു. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം പൂര്‍ണമാക്കാന്‍ പാകത്തിലുള്ള പ്രവൃത്തിയാണ് തുടരേണ്ടതെന്ന് ധരിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍.
കാവിവത്കരണത്തിന്റെ മറുപുറമാണ്, അതിന്റെ ഉള്ളടക്കങ്ങളെ വിമര്‍ശബുദ്ധ്യാ സമീപിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത്. അതില്‍ ഭേദം കാട്ടാറില്ല, ഫാസിസ്റ്റുകളെന്നതിന് ബജ്‌രംഗ്ദള്‍ നേതാവിന്റെ കുറിപ്പ് തെളിവാണ്. തീവ്രഹിന്ദുത്വത്തിന് വിധേയരാകുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് പക്ഷമേ അവര്‍ക്ക് മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ കുട്ടികൃഷ്ണ മാരാര്‍, ഇക്കാലത്താണ് ഭാരതപര്യടനം എഴുതിയിരുന്നതെങ്കില്‍ ഹിന്ദുവെന്നതോ സവര്‍ണനെന്നതോ ഘടകമാകുമായിരുന്നില്ലെന്ന് കരുതണം. ദശാവതാരങ്ങളില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെ അംബയുടെ യൗവനലാവണ്യത്തില്‍ സ്വാധീനിക്കപ്പെട്ടവനായി ചിത്രീകരിച്ചതിന് മാരാര്‍ പിഴമൂളേണ്ടിവന്നേനേ. മാരാര്‍ മണ്‍മറഞ്ഞുവെങ്കിലും ഭാരതപര്യടനം നിലനില്‍ക്കുന്നുണ്ട്. പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഹനുമാന്‍ സേനക്കാര്‍ക്ക് മടിതോന്നേണ്ട കാര്യമില്ല, കൂട്ടിയിട്ട് കത്തിക്കുകയുമാകാം. ചുരുക്കംചില പ്രസ്താവനകള്‍ക്കപ്പുറത്ത് എതിര്‍പ്പുയരില്ലെന്ന് ഉറപ്പ്.
രാമായണത്തെക്കുറിച്ച് എഴുതിയത് എം എം ബഷീറാകകൊണ്ട്, ഭീഷണിക്കിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല ഹനുമാന്‍ സേനക്കാര്‍ക്ക്. ബഷീറാകകൊണ്ട് തന്നെയാണ് ഭീഷണി ചോദ്യംചെയ്യേണ്ടതില്ലെന്ന് പ്രബുദ്ധ സമൂഹം എളുപ്പത്തില്‍ തീരുമാനിച്ചതും. താനൊരു മുസല്‍മാന്‍ മാത്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ലേഖന പരമ്പര പൂര്‍ത്തിയാക്കേണ്ടെന്ന് എം എം ബഷീര്‍ തീരുമാനിച്ചതും. ഭീഷണിക്കാര്‍ക്ക് ധൈര്യമേറുന്നു. മറ്റുള്ളവരില്‍ ചിലര്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസനവാഗ്ദാനങ്ങളില്‍ മയങ്ങി, ഇത്തരം ഭീഷണികളെയൊന്നും കാര്യമാക്കേണ്ടതില്ലെന്ന മനോഭാവത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍, ഭീതിയുടെ നിഴലിലായിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ നിസ്സംഗരും. ഫാസിസത്തിന് വളരാന്‍ ഇതിലും വളക്കൂറുള്ള മണ്ണില്ല തന്നെ.