ഗുരുക്കന്മാരുടെ ഗുരുവിന് അധ്യാപകദിനത്തില്‍ സ്‌നേഹാദരം

Posted on: September 6, 2015 10:17 am | Last updated: September 6, 2015 at 10:17 am
SHARE

DSC_0153കോഴിക്കോട്: അധ്യാപനത്തിന്റെ മഹത്വവും പ്രസക്തിയും വിളിച്ചറിയിച്ച ഗുരുക്കന്മാരുടെ ഗുരുവിന് അധ്യാപകദിനത്തില്‍ സ്‌നേഹാദരം.
പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് പതിനായിരങ്ങളുടെ ഗുരുവായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പൂചെണ്ടുകള്‍ നല്‍കിയും ഹാരാര്‍പ്പണം നടത്തിയും തക്ബീര്‍ ധ്വനികളാലും ആദരിച്ചത്.
അനാഥത്വം പേറേണ്ടിവന്ന ആയിരങ്ങള്‍ക്ക് ഉപ്പയും അധ്യാപകനുമായ, കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് ഉസ്താദ് (ഗുരു) ആയ മഹാഗുരുവിനെ അധ്യാപകദിനത്തില്‍ ആദരിക്കാനായ നിര്‍വൃതിയിലാണ് മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍.
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും മാതൃകയാകണമെന്നും ജീവിത വിശുദ്ധി നേടി സ്വയം മാതൃകയായി ജീവിക്കുമ്പോള്‍ മാത്രമാണ് അധ്യാപകവൃത്തി സമ്പൂര്‍ണമാകുന്നതെന്നും ഉസ്താദ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ അധ്യാപകനായ പ്രവാചകന്‍ തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്നും അധ്യാപനം നാവുകൊണ്ടുള്ള സംവേദനം മാത്രമല്ല, ഹൃദയംകൊണ്ടും പ്രവര്‍ത്തികൊണ്ടുമുള്ള ശുദ്ധീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സംമ്പന്ധിച്ചു.