പണിമുടക്ക് നീട്ടിവെക്കുന്നതായി ബി എം എസ്; പിന്മാറില്ലെന്ന് തൊഴിലാളി സംഘടനകള്‍

Posted on: September 1, 2015 5:48 am | Last updated: September 1, 2015 at 12:48 am

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകള്‍ നാളെ നടത്തുന്ന പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബി എം എസ് തീരുമാനം. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എല്ലാവിഭാഗം തൊഴിലാളികളും സംയുക്തമായി നടത്തുന്ന പണിമുടക്കില്‍ ബി എം എസും പ്രഖ്യാപനം മുതല്‍ക്കെ ഉറച്ച് നിന്നിരുന്നു. എന്നാല്‍, ട്രേഡ് യൂനിയന്‍ സമിതി ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം അംഗീകരിച്ചെന്നും ഇത് മൂലം പണിമുടക്ക് നീട്ടി വെക്കുന്നതായും ബി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ചന്ദ്രശേഖരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, അഖിലേന്ത്യാപണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് മറ്റ് തൊഴിലാളി സംഘടനകളെല്ലാം വ്യക്തമാക്കി. ദേശീയ പണിമുടക്കില്‍ നിന്നും ബി എം എസ് പിന്‍മാറിയത് രാഷ്ട്രീയ പ്രേരിതമായാണെന്നും നാളിതുവരെയുണ്ടായിരുന്ന തൊഴിലാളി ഐക്യത്തെ തര്‍ക്കുന്ന നിലപാടുമായാണ് ബി എം എസ് മുന്നോട്ട് പോകുന്നതെന്നും ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നല്ലാതെ അനുകൂലമായ നടപടി ഉണ്ടായില്ലെന്നും സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.