അറ്റകുറ്റപണിയില്ല; നരിക്കുനി – കുമാരസ്വാമി റോഡ് തകര്‍ന്നു

Posted on: July 21, 2015 9:23 am | Last updated: July 21, 2015 at 9:25 am

Narikkuni Kumaraswami Road Photo
നരിക്കുനി: ജില്ലാ മേജര്‍ റോഡുകളിലൊന്നായ നരിക്കുനി – കുമാരസ്വാമി റോഡ് തകര്‍ച്ചയിലേക്ക്. അറ്റകുറ്റപണികള്‍ നടക്കാത്തതിനാല്‍ ടാറിംഗ് തകര്‍ന്ന് ഈ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിരവധി പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് 1950 ഏപ്രില്‍ 29ന് അന്നത്തെ മദിരാശി പ്രധാനമന്ത്രിയായിരുന്ന പി എസ് കുമാരസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. ദിനം പ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കഴിഞ്ഞ വേനലില്‍ പി ഡബ്ല്യു ഡി റോഡുകളെല്ലാം അറ്റകുറ്റപണി നടത്തിയെങ്കിലും ഈ റോഡില്‍ പാലോളിത്താഴം മുതല്‍ തച്ചൂര്‍താഴം വരെയുള്ള ഭാഗത്ത് പണികളൊന്നും നടന്നിട്ടില്ല. പാലോളിത്താഴത്തും തെക്കേകണ്ടിയിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായിരിക്കുകയാണ്. പാലോളിത്താഴത്തിനും മുരിങ്ങോളിത്താഴത്തിനും ഇടയിലാണ് റോഡില്‍ ഗര്‍ത്തമുള്ളത്. വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ നാട്ടുകാര്‍ വാഴയും ഓലയും കുഴിയിലിറക്കി അപായ സൂചന നല്‍കിയിരിക്കുകയാണ്.
ശോച്യാവസ്ഥ പരിഹരിക്കുന്ന രൂപത്തില്‍ അടിയന്തരമായി റോഡ് നവീകരിക്കണമെന്ന ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.