ഉത്തര കൊറിയന്‍ നേതാവ് 70 ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്

Posted on: July 10, 2015 6:00 am | Last updated: July 9, 2015 at 10:59 pm

സിയോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ 70 ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്. 2011 ല്‍ അദ്ദേഹത്തിന്റ സ്വേച്ഛാധിപതിയായ പിതാവ് ഭരണം കൈയാളുന്ന വേളയില്‍ ഭീകരവാദ വാഴ്ചയുടെ പേരിലായിരുന്നു ഈ നരഹത്യയെന്ന് ദക്ഷിണ കൊറിയന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കിം ജോംഗിന്റെ ഈ കിരാത നടപടിയെ ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി യുന്‍ ബ്യങ് സെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെ നടപടികള്‍ക്ക് സമാനമെന്നാണ്. അധികാരത്തിലേറിയ ആദ്യ വര്‍ഷം തന്നെ ജോംഗ് ഇല്‍ 10 ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. കിം ജോംഗ് 70 പേരെ കൊലപ്പെടുത്തി എന്ന വാര്‍ത്ത ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം ഓഫീസര്‍ സ്ഥിരീകരിച്ചു. അതേസമയം അദ്ദേഹത്തിന് ഈ വിവരം എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. 1948 ല്‍ രാജ്യം രൂപവത്കൃതമായതു മുതല്‍ ഉത്തര കൊറിയയുടെ ഭരണം കൈയാളുന്നത് കിം കുടുംബമാണ് എന്നത് സര്‍ക്കാറിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ രഹസ്യമാക്കുന്നതിന് വളരെ സഹായകമാണ്. ഇതിനാല്‍ പുറത്തു നിന്നുള്ളവര്‍ നല്‍കുന്ന വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.