തേഞ്ഞിപ്പലം പഞ്ചായത്തില്‍ 720 പേര്‍ക്ക് കൂടി പെന്‍ഷന്‍

Posted on: June 25, 2015 5:16 am | Last updated: June 25, 2015 at 1:16 pm

മലപ്പുറം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിയിലൂടെ പുതുതായി 720 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. 550 പേര്‍ക്ക് വാര്‍ധക്യ കാല പെന്‍ഷന്‍, 160 വിധവാ പെന്‍ഷന്‍, 10 വികലാംഗ പെന്‍ഷന്‍ എന്നിങ്ങനെയാണ് അനുവദിച്ചത്.
ഇതോടെ പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 2,160 ആയി. സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി തേഞ്ഞിപ്പലം പഞ്ചായത്തില്‍ പ്രത്യേക സേവനവണ്ടി പര്യടനം നടത്തി പെന്‍ഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് നല്‍കുകയും ചെയ്തിരുന്നു.
അപേക്ഷകള്‍ പരിശോധിച്ച് അദാലത്ത് നടത്തിയാണ് പുതിയ പെന്‍ഷന്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 670 വിധവകള്‍, 50 വയസ്സ് കഴിഞ്ഞ 59 അവിവാഹിതകള്‍, 329 കര്‍ഷകത്തൊഴിലാളികള്‍, 860 വയോധികര്‍, ശാരീരിക വെല്ലുവിളി നേരിടുന്ന 229 പേര്‍, മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 52 പേര്‍ എന്നിവരാണ് പഞ്ചായത്തിലെ നിലവിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍. ജൂലൈ മുതല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ബേങ്ക് മുഖേന ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി പി ഉസ്മാന്‍, സെക്രട്ടറി കെ അബുഫൈസല്‍ എന്നിവര്‍ അറിയിച്ചു.