ബസ്സ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ നീലചിത്ര പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Posted on: June 17, 2015 3:49 pm | Last updated: June 17, 2015 at 3:49 pm

filim realകല്‍പ്പറ്റ: നഗരസഭ ബസ്സ് സ്റ്റാന്‍ഡില്‍ നീലചിത്ര പ്രദര്‍ശനം. കല്‍പ്പറ്റ പഴയ ബസ്സ് സ്റ്റാന്‍ഡിലെ ടെലിവിഷനിലാണ് നീലചിത്രം ഓടിയത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടികളും സ്ത്രീകളും അടക്കം നിരവധി യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ ഉള്ളപ്പോഴായിരുന്നു ടിവിയില്‍ നീലചിത്രം പ്രദര്‍ശിച്ചിച്ചത്. ബസ്സ് സ്റ്റാന്‍ഡില്‍ നില്‍ക്കാനാവാതെ സ്ത്രീകളില്‍ പലരും സ്ഥലം വിട്ടു. സംഭവത്തില്‍ ടിവി ഓപ്പറേറ്റര്‍ മേപ്പാടി പറമ്പില്‍വീട്ടില്‍ മന്‍സൂറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

സ്റ്റാന്‍ഡിലെ ടെലിവിഷന്‍ നടത്തിപ്പ് കരാറെടുത്തയാളുടെ ജോലിക്കാരനാണ് മന്‍സൂര്‍. ബസ്സ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ടിവികളില്‍ ഒന്നിലാണ് അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചത്. സംഭവമറിഞ്ഞ് സ്റ്റാന്‍ഡിലെ വ്യാപാരികളും മറ്റും ടിവി ഓപ്പറേറ്ററുടെ മുറിയിലെത്തിയെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഒടുവില്‍ ടിവിയിലേക്കുള്ള കേബിളുകള്‍ മുറിച്ചാണ് പ്രദര്‍ശനം നിര്‍ത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് സംഘം ടിവി ഓപ്പറേറ്ററുടെ റൂമില്‍ പരിശോധന നടത്തി കംപ്യൂട്ടര്‍ പിടിച്ചെടുത്തു. ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ കോപ്പി ചെയ്തിരുന്ന കംപ്യൂട്ടര്‍ പെന്‍ഡ്രൈവില്‍ നീലചിത്രവും കോപ്പിചെയ്തിരുന്നു. ഇതാണ് പ്രശ്‌നമായതെന്ന് പോലീസ് പറഞ്ഞു.