Connect with us

National

ലളിത് മോഡി വിഷയം: സുഷമാ സ്വരാജ് രാജി സന്നദ്ധത അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ലളിത് മോഡിക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്‍ കെ അഡ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സുഷമയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ സുഷമാ സ്വരാജ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിവാദ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ തയ്യാറായതുമില്ല.

ഐ പി എല്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് ബ്രിട്ടണില്‍ വിസ ശരിയാക്കാന്‍ സുഷമ ഇടപെട്ടുവെന്നതാണ് കേസ്. ബ്രിട്ടനില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് പോകുന്നതിന് ലളിത് മോഡിക്ക് വിസ ശരിയാക്കാന്‍ ബ്രീട്ടീഷ് ഹൈക്കമ്മീഷണറോടും ബ്രിട്ടീഷ് എംപിയോടും സുഷമ സ്വരാജ് ശുപാര്‍ശ ചെയ്തുവെന്നാണ് ആരോപണം. ഇത് പിന്നീട് സുഷമ സ്ഥിരീകരിച്ചതോടെ പ്രതിപക്ഷം അവരുടെ രാജിക്കായി മുറവിളി കൂട്ടുകയായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതയായ ലളിത് മോഡിയുടെ ഭാര്യക്ക് പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ പോകുന്നതിന് മാനുഷിക പരിഗണന നല്‍കിയാണ് വിസ അനുവദിക്കാന്‍ ഇടപെട്ടത് എന്നായിരുന്നു സുഷമയുടെ ന്യായീകരണം.
ഐപിഎല്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2010ല്‍ രാജ്യം വിട്ട മോദി പിന്നീട് ഇന്ത്യയിലേക്കു തിരിച്ചുവന്നിട്ടില്ല. ലണ്ടനില്‍ കഴിയുന്ന അദ്ദേഹത്തിനെതിരെ ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നുണ്ട്.