ഗുവാമിനെതിരെ ഇന്ത്യക്ക് നിര്‍ണായകം

Posted on: June 16, 2015 2:18 am | Last updated: June 16, 2015 at 12:19 am

ഹഗാന (ഗുവാം): 2018 ഫിഫ ലോകകപ്പ് യോഗ്യത തേടിയുള്ള ഇന്ത്യന്‍ യാത്ര പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ കുഞ്ഞന്‍ ദ്വീപിലെത്തി നില്‍ക്കുന്നു ! അതേ, ഗുവാം. അമേരിക്കന്‍ അധീനതയിലുള്ള സ്വയംഭരണപ്രദേശമായ ഗുവാം ഏഷ്യന്‍ മേഖലയിലാണ് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുന്നത്. രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലെ ആദ്യ കളിയില്‍ തുര്‍ക്‌മെനിസ്ഥാനെ പരാജയപ്പെടുത്തി ചരിത്രജയം കുറിച്ചിരുന്നു ഗുവാം.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അവരുടെ ആദ്യ ജയമായിരുന്നു അത്. 2002 ലാണ് ആദ്യമായി യോഗ്യതാ റൗണ്ട് കളിച്ചത്. അന്നാകട്ടെ താജിക്കിസ്ഥാനോട് 16-0നും ഇറാനോട് 19-0നും തകര്‍ന്നു. പിന്നീട് യോഗ്യതാ റൗണ്ട് കളിക്കുന്നത് ഇപ്പോള്‍. 2005 ല്‍ ദക്ഷിണകൊറിയ 21-0ന് ഗുവാമിനെ തകര്‍ത്തിരുന്നു. എന്നാല്‍. ഗുവാമിനെ കുറിച്ചുള്ള ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ കളിക്കുന്നവര്‍ ആ ടീമിനെ നാള്‍ക്ക് നാള്‍ കരുത്തുറ്റതാക്കി മാറ്റുന്നു. ഇന്ന് ഹോംഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ അവര്‍ പ്രതീക്ഷയിലാണ്.
ലോക വിനോദ സഞ്ചാരഭൂപടത്തില്‍ വലിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഗുവാം ഇന്ത്യന്‍ താരങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും. ഉല്ലാസവേദിയിലേക്ക് പതിനെട്ട് മണിക്കൂര്‍ യാത്ര ചെയ്തതൊന്നും കളിക്കാരെ തളര്‍ത്തിയിട്ടുണ്ടാകില്ല.
ആദ്യ മത്സരത്തില്‍ ഒമാനെതിരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇന്ത്യ 2-1നായിരുന്നു പരാജയപ്പെട്ടത്. ഇനിയൊരു പരാജയം യോഗ്യതാ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ ഗുവാമിനെതിരെ വലിയൊരു ജയം തന്നെയാണ് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈനും നീലപ്പടയും ലക്ഷ്യമിടുന്നത്.
ഗുവാമിനെ നേരത്തെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് മത്സരത്തില്‍ ഇന്ത്യക്ക് മാനസിക മുന്‍തൂക്കം നല്‍കുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി പതിമൂന്ന് പേര്‍ക്കാണ് ഇന്ത്യയുടെ ഇംഗ്ലീഷ് കോച്ച് അരങ്ങേറ്റമൊരുക്കിയത്. ഇത് വലിയൊരു കാല്‍വെപ്പാണ്. പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു യുവതാരങ്ങള്‍ ഒമാനെതിരെ പുറത്തെടുത്തത്. സുനില്‍ ഛേത്രിയും റോബിന്‍ സിംഗും നയിക്കുന്ന മുന്നേറ്റനിരക്ക് കാമ്പുണ്ട്. ഒമാനെതിരെ ഛേത്രി നേടിയ ഗോള്‍ ലോകഫുട്‌ബോളിലെ മികച്ചതായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേടിയ മൂന്ന് ഗോളുകളും ഛേത്രിയുടെ വകയായിരുന്നു.
മലയാളി താരം സി കെ വിനിതിനൊപ്പം വിംഗ് അറ്റാക്കറായി ജാക്കിചന്ദ് സിംഗിന് കോച്ച് അവസരമൊരുക്കിയേക്കും. റോയല്‍ വാഹിംഗ്‌ദോ ക്ലബ്ബില്‍ ജാക്കിചന്ദിനൊപ്പം കളിക്കുന്ന സെയ്ത്യാസെന്‍ സിംഗും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുണ്ടാകുമെന്നാണ് സൂചന. മിഡ്ഫീല്‍ഡില്‍ സെഹ്നാജ് സിംഗും യുഗെന്‍സന്‍ ലിംഗ്‌ദോയും. പ്രതിരോധത്തില്‍ നായകന്‍ അര്‍ണാബ് മണ്ഡലലും ധനചന്ദ്രസിംഗും. ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ലാല്‍ചുമാവിയ ഫനെയ്ക്ക് നറുക്ക് വീണേക്കും.
ഒമാനെതിരെ മികച്ച ഫോമിലായിരുന്നു ഗോളി സുബ്രതാ പാല്‍ ഗുവാമിനെതിരെയും വലകാക്കും.
ഗുവാമിന്റെ പ്രധാന താരം അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ജാസണ്‍ കുന്‍ലിഫാണ്. മുപ്പത്തഞ്ച് മത്സരങ്ങളില്‍ പതിനേഴ് ഗോളുകളാണ് ജാസന്‍ നേടിയത്. ഷെയിന്‍ മാല്‍കം, ജോണ്‍ മാറ്റ്കിന്‍ എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. സെന്റര്‍ബാക്കില്‍ ബ്രെന്‍ഡന്‍ മക്‌ഡൊണാള്‍ഡും ഡി ലാ ഗാസയും. ഡൗഗ് ഹെന്റികാണ് ഗോള്‍കീപ്പര്‍.
ഗുവാം മികച്ച ടീമാണെന്ന് ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ അഭിപ്രായപ്പെട്ടു. യു എസ് എയില്‍ കളിക്കുന്ന ഏതാനും പേര്‍ ഗുവാം നിരയിലുണ്ട്. ആദ്യ കളിയില്‍ തുര്‍ക്‌മെനിസ്ഥാനെ പരാജയപ്പെടുത്തിയത് അവര്‍ക്ക് ആത്മവിശ്വാസമേകും. പക്ഷേ, ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ജയിക്കാനാണ്. എതിരാളി ആരുമായിക്കൊള്ളട്ടെ, പോസിറ്റീവ് ഫുട്‌ബോള്‍ കാഴ്ചവെക്കുകയാണ് പ്രധാന കാര്യം – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ കുറിച്ച് ഗുവാം കോച്ച് ഗാരി വൈറ്റിന് നല്ല മതിപ്പാണ്. ഒമാനെതിരെ ഇന്ത്യയുടെ കളി ഞങ്ങള്‍ കണ്ടു. തീര്‍ച്ചയായും പറയാം ഇത് പഴയ ടീമല്ല-ഗാരി വൈറ്റ്.