Connect with us

National

എഫ് സി ഐ ഗോഡൗണുകളില്‍ 40,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു

Published

|

Last Updated

ചെന്നൈ: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം എഫ് സി ഐ ഗോഡൗണുകളില്‍ 40,000 ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗ ശൂന്യമായി. രാജ്യം കടുത്ത വരള്‍ച്ചയെ നേരിടാനിരിക്കുകയാണെന്ന ഭയാശങ്കകള്‍ക്കിടയിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.
വിവരാവകാശ നിയമം അനുസരിച്ച് ഉന്നയിച്ച ഒരു ചോദ്യത്തിന് എഫ് സി ഐയില്‍ നിന്നും ലഭിച്ചതാണ് ഈ കണക്ക്. കൊടുങ്കാറ്റ്, പ്രളയം തുടങ്ങി പ്രകൃതിക്ഷോഭങ്ങളാണ് ഭക്ഷ്യധാന്യങ്ങള്‍ നശിക്കാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ ഇതിന് പറയുന്ന ന്യായം. എന്നാല്‍ വിദഗ്ധര്‍ ഈ ന്യായവാദത്തെ അംഗീകരിക്കുന്നില്ല. എഫ് സി ഐ ഗോഡൗണുകളിലെ പരാധീനതകള്‍, മതിയായ സൗകര്യമില്ലാതെ സൂക്ഷിച്ച ധാന്യങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത്, ധാന്യങ്ങള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ സംഭവിക്കുന്ന ചോര്‍ച്ച തുടങ്ങിയവയാണ് ധാന്യങ്ങള്‍ നശിക്കുന്നതിന് മുഖ്യകാരണങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ധാന്യങ്ങള്‍ കേടുവന്ന് നശിക്കുന്നത് മൂന്ന് മടങ്ങായി വര്‍ധിച്ചിരിക്കുന്നു. 2010- 11 വര്‍ഷത്തില്‍ 6346 ടണ്‍ ധാന്യങ്ങള്‍ നശിച്ചേടത്ത് 2014- 15 വര്‍ഷത്തില്‍ നശിച്ചത് 18,847,22 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. 2012- 13 കാലത്ത് നശിച്ചത് 3,148,44 ടണ്ണാണ്. 2013- 14 കാലത്ത് 24,695,45 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു. 56,000 ടണ്‍ ധാന്യങ്ങള്‍ നശിച്ചതില്‍ 27,000 ടണ്‍ അരിയും 26,000 ടണ്‍ ഗോതമ്പും ഉള്‍പ്പെടും.
എഫ് ഐ ഗോഡൗണുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തത് ധാന്യങ്ങള്‍ നശിക്കാന്‍ കാരണമായെന്ന നിലപാടിനോട് എഫ് സി ഐ അധികൃതര്‍ യോജിക്കുന്നില്ല.
2014- 15വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ധാന്യം നശിച്ചത് ഒഡീഷയിലാണ്. 7,108 ടണ്‍. തീരദേശ മേഖലയില്‍ വീശിയ ഫായിലിന്‍ ചുഴലിയാണ് ഇതിന് കാരണമായത്. രണ്ടാം സ്ഥാനത്ത് ജമ്മുകാശ്മീരാണ്. 2014 സെപ്തംബറില്‍ മുമ്പെങ്ങുമില്ലാത്തവിധം ഉണ്ടായ പ്രളയമാണ് ഇതിന് കാരണമായത്. ആന്ധ്രാപ്രദേശില്‍ 2.262 ടണ്ണും കര്‍ണാടകയില്‍ 747 ടണ്ണും ധാന്യങ്ങള്‍ നശിച്ചു.
2013 – 14 വര്‍ഷത്തില്‍ പശ്ചിമബംഗാളില്‍ 12,539 ടണ്ണും, ബിഹാറില്‍ 3,909,408 ടണ്ണും ഭക്ഷ്യ ധാന്യങ്ങള്‍ നശിച്ചിട്ടുണ്ട്.
പട്ടിണി സംബന്ധിച്ച് യു എന്‍ ഈയിടെ തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യം ഇന്ത്യയാണ്. 194 ദശലക്ഷം പേര്‍. ജൂണ്‍ ഒന്നിന് സെന്‍ട്രല്‍ പൂളില്‍ എഫ് സി ഐയുടെ പക്കല്‍ 568.34 ലക്ഷം ടണ്‍ ധാന്യശേഖരമുണ്ട്.