Connect with us

International

ഭക്ഷണത്തിനും വെള്ളത്തിനും പകരമായി യു എന്‍ സൈന്യം ലൈംഗികചൂഷണം നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: യു എന്‍ സമാധാന പ്രവര്‍ത്തകര്‍ അവശ്യ സാധനങ്ങള്‍ക്ക് പകരമായി ലൈംഗിക ചൂഷണം നടത്തിയിരുന്നതായി യു എന്‍ അന്വേഷണ റിപ്പോര്‍ട്ട്. ഹെയ്തിയിലെയും ലൈബീരിയയിലെയും നൂറുക്കണക്കിന് സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. പണം, വസ്ത്രം, ആഭരണം, സുഗന്ധദ്രവ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവക്ക് പകരമായാണ് ലൈംഗികമായി യു എന്‍ സമാധാനാംഗങ്ങള്‍ ഇവരെ പീഡിപ്പിച്ചിരുന്നത്. പട്ടിണിയും ദാരിദ്ര്യവും താണജീവിത രീതികളും ആണ് സ്ത്രീകളെ ഇതിന് പ്രേരിപ്പിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഹെയ്തിയിലെയും ലൈബീരിയയിലെയും സമാധാനപാലകര്‍ ചൂഷണം നടത്തിയിരുന്നത് പതിവായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ ഓവര്‍സൈറ്റ് സര്‍വീസ്(ഒ ഐ ഒ എസ്) ആണ് പഠനം നടത്തി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ലോകത്തിന്റെ വിവിധ വിഭാഗങ്ങളിലായി 1,25,000ത്തിലധികം യു എന്‍ സൈനികരും പോലീസും മറ്റും സേവനം ചെയ്യുന്നുണ്ട്.
നേരത്തെ തന്നെ ഇത്തരം ആരോപണങ്ങള്‍ യു എന്‍ സമാധാനാംഗങ്ങള്‍ക്കെതിരെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇത് യു എന്‍ സംഘത്തിന്റെ വിശ്വാസ്യതയില്‍ വന്‍ ഇടിവ് വരുത്തുകയും ചെയ്തു. ഇതിന് ശേഷം 2003ല്‍ ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്ന് യു എന്‍ ഓര്‍മപ്പെടുത്തിയിരുന്നു.
ഒ ഐ ഒ എസ് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച്, 2008നും 2013നും ഇടയില്‍ 480ലധികം ലൈംഗിക ചൂഷണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ മൂന്നില്‍ ഒരു ഭാഗവും കുട്ടികളെയായിരുന്നു ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. കോംഗോ, ലൈബീരിയ, ഹെയ്തി, പശ്ചിമസുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014ല്‍ മാത്രം 51 ആരോപണങ്ങള്‍ യു എന്‍ സൈന്യത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ദീര്‍ഘകാലം നാടുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യമാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് സേനാംഗങ്ങളെ നയിക്കുന്നതെന്നും ഈ അടിസ്ഥാനപ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest