ഇശ്‌റത്ത് ജഹാന്‍ കേസ്: മുന്‍ ഐ ബി ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് കേന്ദ്രം

Posted on: June 9, 2015 5:02 am | Last updated: June 8, 2015 at 11:07 pm

IshratJahanstory295ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചു. ഇശ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും വധിച്ച സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അന്നത്തെ ഇന്റലിജന്റ്‌സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ രജീന്ദര്‍കുമാറിനെയും മറ്റ് മൂന്ന് ഐ ബി ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനെയാണ് കേന്ദ്രം വിലക്കിയിരിക്കുന്നത്.
കേസ് അനേഷിച്ച സി ബി ഐ അതിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയായിരുന്നു. അതില്‍ ഐ ബി ഉദ്യോഗസ്ഥര്‍ ഗൂഢോലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.
രജീന്ദര്‍കുമാറിനെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സി ബി ഐ ചോദ്യം ചെയ്തിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലിന് മുമ്പ് ഇശ്‌റത്ത് ജഹാനെ ഗുജറാത്ത് പോലീസ് അന്യായമായി തടവില്‍ വെച്ചതിനും ഐ ബി ഉദ്യോഗസ്ഥനായിരുന്ന രജീന്ദര്‍കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഗൂഢാലോചന നടത്തിയതിനും തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് സി ബി ഐ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അഹ്മദാബാദിലേക്ക് ലശ്കര്‍ തീവ്രവാദികള്‍ വരുന്നുണ്ടെന്ന വ്യാജ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി എന്നതാണ് രജീന്ദര്‍ കുമാറിന് എതിരെ സി ബി ഐ ആരോപിക്കുന്ന കുറ്റം.
കേസില്‍ കുറ്റാരോപിതരായ എല്ലാവര്‍ക്കും ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. ഐ പി എസ് ഓഫീസര്‍മാരായ ഡി ജി വന്‍സാര, പി പി പാണ്ഡെ എന്നിവര്‍ക്ക് ഫെബ്രുവരിയില്‍ കോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതനായ എന്‍ കെ അമീനിനെ ഗുജറാത്ത് സംസ്ഥാന ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഡി വൈ എസ് പിയായി ഈ മാസം ആദ്യം തിരിച്ചെടുത്തു.
2004ല്‍ അഹമദാബാദിന് സമീപമാണ് ഇശ്‌റത്ത് ജഹാന്‍, സുഹൃത്ത് പ്രണേഷ് പിള്ള എന്ന ജാവേദ് ശൈഖ് എന്നിവരും പാക്കിസ്ഥാനികള്‍ എന്ന് സംശയിക്കുന്ന അംജത് അലി റാണ, സീശന്‍ ജോഹര്‍ എന്നിവരും ഗുജറാത്ത് ക്രൈം ബ്രാഞ്ചിന്റെ വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട നാല് പേരും ലശ്കര്‍ പ്രവര്‍ത്തകരാണെന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനാണ് അവര്‍ എത്തിയതെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആരോപണം. 1979 ഐ പി എസ് ബാച്ച് ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറായിരുന്നു അക്കാലയളവില്‍ ഐ ബി1യുടെ ജോയിന്റ് ഡയറക്ടര്‍.