ബീഹാര്‍: ജനതാ സഖ്യത്തില്‍ കോണ്‍ഗ്രസും; നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Posted on: June 8, 2015 5:29 pm | Last updated: June 9, 2015 at 2:34 pm

Janata_Parivar

ന്യൂഡല്‍ഹി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആര്‍ ജെ ഡി – ജെ ഡി യു സഖ്യത്തില്‍ കോണ്‍ഗ്രസും ഭാഗവാക്കാകുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പാറ്റ്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, നിതീഷ്‌കുമാറായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ലാലു പ്രസാദ് യാദവും വെളിപ്പെടുത്തി.

ആഴ്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍, ഇന്നലെയാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡും ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളും ധാരണയിലെത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനമായത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ജെ ഡി യു അധ്യക്ഷന്‍ ശരത് യാദവും മുലായം സിംഗ് യാദവും യോഗത്തില്‍ പങ്കെടുത്തു. സഖ്യമായി മത്സരിക്കുന്നതിന്റെ ഭാഗമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുന്നതിന് ആറംഗ സമിതിയെ രൂപവത്കരിച്ചു. ഇരു പാര്‍ട്ടികളും സഖ്യമായി മത്സരിക്കുമെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ആറംഗ സമിതിയെ രൂപവത്കരിച്ചിട്ടുണ്ടെന്നും പറഞ്ഞ സമാജ്‌വാദി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ്, സമിതി അംഗങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ബീഹാറില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് തടയുക ലക്ഷ്യമിട്ടുള്ള മുന്നണി രൂപവത്കരണത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനായാണ് ഇരു നേതാക്കളും ചര്‍ച്ചാ മേശയിലെത്തിയത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായിട്ടില്ല. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജെ ഡി യുവിന്റെ ആവശ്യം. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന നിലപാടാണ് ആര്‍ ജെ ഡി സ്വീകരിച്ചത്. ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ ശരത് യാദവ് അഭിപ്രായപ്പെട്ടിരുന്നു.
ജനതാ പരിവാര്‍ കൂടിക്കാഴ്ചക്ക് മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാറില്‍ മഹാ സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ നിലപാടെടുത്തിരുന്നു.
സമാജ്‌വാദി പാര്‍ട്ടി, ജെ ഡി യു, ആര്‍ ജെ ഡി ഉള്‍പ്പെടെ ആറ് കക്ഷികള്‍ ലയിച്ച് ഒറ്റകക്ഷിയാകാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഐക്യ ജനതാദളിന്റെ അധ്യക്ഷനായി മുലായം സിംഗ് യാദവിനെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
സെപ്തംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായാണ് ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമായി മത്സരിച്ച ജെ ഡി യു 117 സീറ്റ് നേടിയിരുന്നു. ആര്‍ ജെ ഡി 24 സീറ്റാണ് നേടിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമേ ജെ ഡി യുവിന് ലഭിച്ചുള്ളൂ. ആര്‍ ജെ ഡിക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.