Connect with us

Ongoing News

ചെല്‍സിക്ക് റെക്കോര്‍ഡ്: മൗറിഞ്ഞോയാണ് കോച്ച്

Published

|

Last Updated

മികച്ച മാനേജര്‍ക്കുള്ള പുരസ്‌കാരവുമായി ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ (മധ്യം) തന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം. ഇടത്ത് നിന്ന് ഗോള്‍കീപ്പര്‍ കോച്ച് ക്രിസ്റ്റഫ് ലോലിഷോന്‍, ഫിറ്റ്‌നെസ് കോച്ച് കാര്‍ലോസ് ലാലിന്‍, അസിസ്റ്റന്റ്ഫസ്റ്റ് ടീം കോച്ചുമാരായ സില്‍വിനോ ലോറോ, റൂയി ഫാരിയ, സ്റ്റീവ് ഹോളണ്ട്, ഫസ്റ്റ് ടീം ഫിറ്റ്‌നെസ് കോച്ച് ക്രിസ് ജോണ്‍സ് എന്നിവര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ കോച്ച് ജോസ് മൗറിഞ്ഞോ ബാര്‍ക്ലെയ്‌സ് മാനേജര്‍ ഓഫ് ദ സീസണായി തിരഞ്ഞെടുക്കപ്പെട്ടു. ലീഗ് സീസണില്‍ ഒരു മാസം പോലും മികച്ച കോച്ചായി പരിഗണിക്കപ്പെട്ടിരുന്നില്ല മൗറിഞ്ഞോ. എന്നാല്‍, ചെല്‍സി യെ ചാമ്പ്യന്‍മാരാക്കിയ മൗറിഞ്ഞോയുടെ തന്ത്രം ഏറ്റവുമൊടുവില്‍ വലിയ തോതില്‍ അംഗീകരിക്കപ്പെട്ടു. മൗറിഞ്ഞോ ഇത് മൂന്നാം തവണയാണ് പ്രീമിയര്‍ ലീഗിലെ മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെടുന്നത്.
2004-05, 2005-06 സീസണുകളിലായിരുന്നു മുന്‍ നേട്ടം. ഇതോടെ, രണ്ട് ദശാബ്ദത്തോളം ആഴ്‌സണലിന്റെ കോച്ചായി പ്രീമിയര്‍ ലീഗിലുള്ള ആര്‍സെന്‍ വെംഗറുടെ നേട്ടത്തിനൊപ്പമെത്തി മൗറിഞ്ഞോ. 1997-98 ലായിരുന്നു വെംഗര്‍ ആദ്യമായി മികച്ച കോച്ചായത്. 2001-02, 2003-04 സീസണുകളിലും വെംഗറെ പുരസ്‌കാരം തേടിയെത്തി. പതിനൊന്ന് തവണ മാനേജര്‍ ഓഫ് ദ സീസണായി തിരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗൂസന്‍ ബഹുദൂരം മുന്നില്‍. ഇതിഹാസ പരിശീലകന്‍ ഫെര്‍ഗൂസന്റെ റെക്കോര്‍ഡുകളില്‍ തനിക്ക് കണ്ണില്ലെന്ന് മൗറിഞ്ഞോ നേരത്തെ വ്യക്തമാക്കിയിരുന്നു.
കെന്നി ഡാല്‍ഗ്ലിഷ്, ജോര്‍ജ് ബര്‍ലി, ഹാരി റെഡ്‌നാപ്, അലന്‍ പര്‍ഡീവ്, ടോണി പുലിസ് എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ മാനേജര്‍ ഓഫ് ദ സീസണ്‍ പട്ടം നേടിയവര്‍.
മികച്ച കോച്ചായതില്‍ സന്തോഷം രേഖപ്പെടുത്തിയ മൗറിഞ്ഞോ ഇതിനെ കേക്കിന് മുകളില്‍ പുരട്ടുന്ന ഐസായിട്ടാണ് വിശേഷിപ്പിച്ചത്. ഐസ് നല്ല അനുഭവമായിരിക്കും. പക്ഷേ, പ്രീമിയര്‍ ലീഗെന്ന കേക്ക് തന്നെയാണ് പ്രധാനം. ഞാന്‍ കേക്കിന് വേണ്ടിയാണ് അധ്വാനിച്ചത്, ഐസിന് വേണ്ടിയല്ല – മൗറിഞ്ഞോ പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി മൗറിഞ്ഞോ തന്റെ മാനേജീരിയല്‍ വൈദഗ്ധ്യം വീണ്ടും തെളിയിച്ച സീസണിനാണ് കര്‍ട്ടന്‍ വീഴുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ചെല്‍സി ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനത്ത് നിന്ന ടീമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയതാണ്. ഞായറാഴ്ച പ്രീമിയര്‍ ലീഗിന് തിരശ്ശീല വീഴുന്ന ദിവസം കൂടി ചേര്‍ത്താല്‍ ചെല്‍സി 274 ദിവസം ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 1993-94 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൃഷ്ടിച്ച 262 ദിവസങ്ങളുടെ റെക്കോര്‍ഡാണ് പിന്തള്ളപ്പെട്ടത്. 2005-06 സീസണില്‍ 257 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്നതാണ് ചെല്‍സിയുടെ മുന്‍ റെക്കോര്‍ഡ്.
സീസണില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ചെല്‍സി തോറ്റത്. നാളെ പരാജയം ഒഴിവാക്കിയാല്‍ ചെല്‍സി മറ്റൊരു റെക്കോര്‍ഡിലെത്തും. 1999 സീസണില്‍ ട്രിപ്പിള്‍ നേടിയ ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആകെ അഞ്ച് തോല്‍വികളുടെ റെക്കോര്‍ഡ് ചെല്‍സിക്ക് തിരുത്താം. 2003-04 സീസണില്‍ ആഴ്‌സണല്‍ പരാജയമറിയാതെ ലീഗ് ചാമ്പ്യന്‍മാരായിരുന്നു. എന്നാല്‍, വിവിധ കപ്പ് ചാമ്പ്യന്‍ഷിപ്പുകളിലായി ആ സീസണില്‍ ആഴ്‌സണല്‍ ആറ് മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest