Gulf
ദുബൈ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ന്നതായി കെ എച്ച് ഡി എ

ദുബൈ: കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന നിരന്തരമായ പരിശോധനകളിലൂടെ ദുബൈയിലെ വിദ്യാലയങ്ങളിലെ പഠന നിലവാരത്തില്‍ ഉയര്‍ച്ച ഉണ്ടായതായി കെ എച്ച് ഡി എ(നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി) വ്യക്തമാക്കി.
പുതിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 95 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉന്നത നിലവാരത്തിലുള്ളതോ, മികച്ചതോ, സ്വീകാര്യമായതോ ആയ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. 2008ല്‍ ഇത് 86 ശതമാനം മാത്രമായിരുന്നു. ഈ വര്‍ഷം 143 വിദ്യാലയങ്ങളിലാണ് കെ എച്ച് ഡി എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇവയില്‍ 14 എണ്ണം ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. 54 വിദ്യാലയങ്ങള്‍ മികച്ചവയുടെ ഗണത്തിലും 61 എണ്ണം തൃപ്തികരമായവയുടെ ഗണത്തിലും ഇടംനേടി.
ഒമ്പത് വിദ്യാലയങ്ങള്‍ മാത്രമാണ് തൃപ്തികരമല്ലാത്തതായി പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി കെ എച്ച് ഡി എക്കു വേണ്ടി ദുബൈ സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ ബ്യൂറോ(ഡി എസ് ഐ ബി) വിദ്യാലയങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തിവരുന്നു. ഇതില്‍ നിന്നു ദുബൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മികച്ച ഭാവിയാണ് കാണാന്‍ സാധിക്കുന്നത്. കൂടുതല്‍ മികച്ചതാക്കാനായി പരിശോധന വരും വര്‍ഷങ്ങളിലും തുടരുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. പുതിയ പരിശോധനയില്‍ 51 ശതമാനം വിദ്യാലയങ്ങള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 2008ല്‍ ഇത് 35 ശതമാനം മാത്രമായിരുന്നു.