International
ഉസാമയെ കുറിച്ച് യു എസ് പറഞ്ഞതെല്ലാം വെറും കെട്ടുകഥയായിരുന്നുവെന്ന് പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവ്

വാഷിംഗ്ടണ്‍: ഉസാമബിന്‍ലാദനെ കുറിച്ച് അമേരിക്ക പറഞ്ഞിരുന്നതെല്ലാം വെറും കെട്ടുകഥകളായിരുന്നുവെന്ന് പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവും ലോകപ്രശ്‌സത മാധ്യമപ്രവര്‍ത്തകനുമായ സെയ്മൂര്‍ ഹെര്‍ഷ്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലാണ് ഉസാമ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്ന് നാല് വര്‍ഷത്തിന് ശേഷം ലോകത്തെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 2011 മെയില്‍ നടത്തിയ ഒരു റെയ്ഡിലാണ് ഉസാമ കൊല്ലപ്പെട്ടതെന്നതാണ് ഏറ്റവും വലിയ കളവെന്ന് ഹെര്‍ഷ് ചൂണ്ടിക്കാട്ടുന്നു. ഒബാമയുടെ ഭരണനേട്ടമായി ചിത്രീകരിക്കാനുള്ള വെറുമൊരു നാടകമായിരുന്നു ഇത്. യു എസ് ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിവുള്ളവരായിരുന്നില്ലെന്നതും കളവാണ്. 2006 മുതല്‍ ഐ എസ് ഐയുടെ തടവിലായിരുന്നു ബിന്‍ലാദന്‍. ഐ എസ് ഐയുടെ തടവില്‍ കഴിയുന്ന സമയത്താണ് ഉസാമ കൊല്ലപ്പെട്ടത്. അല്‍ഖാഇദക്കെതിരെയും താലിബാനെതിരെയും പോരാട്ടം തുടരുന്നതിന് വേണ്ടിയാണ് ഐ എസ് ഐ ഇക്കാര്യം മറച്ചുവെച്ചിരുന്നത്. പാക്കിസ്ഥാനിലെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥാനാണ് “ഉസാമ”യെ കുറിച്ചുള്ള രഹസ്യവിവരം അമേരിക്കക്ക് കൈമാറിയത്. 25 കോടി യു എസ് ഡോളര്‍ ഇതിന് പകരമായി അദ്ദേഹം കൈപറ്റുകയും ചെയ്തു. ഇപ്പോള്‍ അമേരിക്കയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സഹായം ചെയ്ത് ജീവിക്കുയാണ് ഈ ഉദ്യോഗസ്ഥന്‍. കൊറിയര്‍ സര്‍വീസുകള്‍ പിന്തുടര്‍ന്നാണ് ഉസാമയെ കണ്ടെത്തിയിരുന്നതെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. സീലുകള്‍ അബെത്താബാദിലെത്തി വെടിവെപ്പ് നടത്തി ഒരു നാടകം കളിക്കുകയായിരുന്നു. ഉസാമ അല്‍ഖാഇദക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്ന യു എസ് വാദങ്ങളും കെട്ടിച്ചമച്ചതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.