ഒര് മീനാ കുമാരിയും ഒര് മീനില്ലാ കുമാരനും

Posted on: May 11, 2015 5:35 am | Last updated: May 10, 2015 at 10:36 pm

പണ്ടും പത്താം ക്ലാസ് പരീക്ഷ ഒരു സംഭവമായിരുന്നു. പത്രങ്ങളിലോ പാരലല്‍ കോളജിലോ എത്തുന്ന റിസള്‍ട്ടിനായി കുട്ടികളുടെ ക്യൂ. മേയ് മാസത്തിനൊടുവിലാണ് അത് കര പറ്റുക. റിസള്‍ട്ട് വരാന്‍ പോകുമ്പോള്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനസിലെ പിരിമുറുക്കം. റിസള്‍ട്ട് അറിയുമ്പോഴുള്ള ആവേശം. അണപൊട്ടിയൊഴുകല്‍. ആര്‍ത്തിരമ്പല്‍.
അന്ന് സോഫ്റ്റ്‌വെയര്‍ ഇല്ലായിരുന്നു. എന്നിട്ടും കൃത്യമായി റിസള്‍ട്ട് എത്തി. കുട്ടികള്‍ ഉപരിപഠനം നേടി. മോശമില്ലായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം. ഇപ്പോഴിതാ സോഫ്റ്റ്‌വെയര്‍ കളി. മാര്‍ക്കില്ല, ഗ്രേഡില്ല, മാനവുമില്ല. ആകെ അലങ്കോലം. സോഫ്റ്റ്‌വെയറാണ് വില്ലന്‍ എന്ന് മന്ത്രി. ഒടുവില്‍ കടലാസില്‍ നോക്കി എഴുതി തയ്യാറാക്കി മാര്‍ക്കിട്ടു കൊടുത്തു. എന്നിട്ടും തീര്‍ന്നില്ല, ഭക്ഷ്യ വിഷബാധ പോലെ സോഫ്ട് വയറ്കടി !
ഇനിയും വരുന്നുണ്ടന്നത്രേ, പ്ലസ് വണ്‍ സോഫ്റ്റ്‌വെയര്‍! കാസര്‍ക്കോട് അപേക്ഷിച്ച കുട്ടി തിരുവനന്തപുരത്തെത്തുമോ? എ പ്ലസ് നേടിയ കുട്ടി വെയിറ്റിങ് ലിസ്റ്റിലാകുമോ? ഈ സോഫ്റ്റ്‌വെയറും തോറ്റ് വെയറാകുമോ?
പരീക്ഷക്കാലമാണിത്. കോപ്പിയടിയുടെയും. നമ്മള്‍ ബീഹാറുകാരെ കുറ്റം പറഞ്ഞ് പല്ലിടുക്കില്‍ കുത്തി എഴുന്നേറ്റതേയുള്ളൂ. ഈ സാക്ഷര കേരളത്തിലും കോപ്പിയടി രാക്ഷസര്. സ്ഥലത്തെ പ്രധാനിയാണ്. ഐ ജിയാണ്. കോപ്പിയടിച്ച് കുടുങ്ങി. തുണ്ട് കടലാസിലാണ് പണിത്തരം. ഇനി ആരെങ്കിലും ഐയേജി എന്ന് വിളിച്ചാല്‍ കുറ്റം പറയാനാകുമോ?
മാവോവാദികളെ പിടിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ്. ഉപ്പുമാവോ ദോശയോ തിന്നുമ്പോഴായിരിക്കും രൂപേഷിനെയും സംഘത്തെയും വലയിലാക്കിയത്. ഭയങ്കരന്‍മാരാണീ പൊലീസുകാര്. അവര്‍ പിടിച്ച് കളഞ്ഞില്ലേ. ഇനി കുറെ പേരെ കൂടി കിട്ടാനുണ്ട്. അതിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടത്രേ.
എന്നാലേ, കേന്ദ്രത്തിന്റെ പുതിയ വനനയം പൊലീസുകാര്‍ വായിക്കണം. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ, വലി എന്നാണ് ഇനി നയം. വനഭൂമിയില്‍ നിന്ന് മരം മുറിച്ചുമാറ്റാം. ആരും എതിര്‍ക്കില്ല. വനഭൂമി വെട്ടിത്തെളിച്ചാല്‍ മരങ്ങളുണ്ടാകുമോ, മാവോ ഉണ്ടാകുമോ? പിന്നെ ഈ മാവോ വാദികള്‍ എവിടെ ഒളിക്കും. അപ്പോള്‍ വലിയൊരു തലവേദന ഒഴിഞ്ഞില്ലേ? അപ്പോള്‍ പൊലീസുകാര്‍ക്ക് ഉള്ള തലയുമുയര്‍ത്തി നടക്കാലോ..!
കുറച്ച് ദിവസമായി തുടങ്ങിയിട്ട്. മീന്‍കാരന്‍ കുമാരന്റെ തമാശ. മീനില്ലേ കുമാരാ എന്ന് ചോദിച്ചാല്‍ കുമാരന്‍ പറയുകയാ, മീനാകുമാരി! വല്ലാത്ത തമാശ തന്നെ. അല്ലേലും അങ്ങനെയൊന്നും തമാശ പറയുന്ന കൂട്ടത്തിലല്ല, കുമാരന്‍. അമ്പത് രൂപ കൊടുത്തപ്പോള്‍ കണ്ണില്‍പ്പൊടിയോളം മീന്‍. പിറ്റേന്ന് അതിലും കുറവ്. കുറഞ്ഞ് കുറഞ്ഞ് അത് ഒരുറുപ്പ്യോളം വട്ടത്തിലായി.
കണ്‍സ്യൂമേഴ്‌സ് കുമാരനെ വളഞ്ഞു. കടല്‍കൊള്ളയാണിത് കുമാരാ…
അപ്പോഴും കുമാരന്‍ പറയുകയാ, മീനാകുമാരീന്ന്.
അത് കേട്ട ഗൗരവാന്ദന്‍ പരിഭാഷപ്പെടുത്തി. മീനാകുമാരിയാണ് കളിക്കുന്നത്. കടലിപ്പോ ആര്ട് കൈയിലാന്നാ തിരിയാത്തത്! ഒര് മീനാകുമാരിയും ഒര് മീനില്ലാ കുമാരനും!