ഹൂത്തികള്‍ യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നതായി മനുഷ്യാവകാശ നിരീക്ഷക സംഘം

Posted on: May 8, 2015 2:02 am | Last updated: May 7, 2015 at 10:04 pm

സന്‍ആ: ഹൂതി വിമതര്‍ യമനില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി മനുഷ്യാവകാശ നിരീക്ഷണ സംഘം. യമനിലെ ദക്ഷിണ നഗരമായ ആദനില്‍ വെച്ച് രണ്ട് സ്ത്രീകളെ ഹൂത്തികള്‍ വെടിവെച്ച് കൊന്നതായും അതിനു പുറമേ സന്നദ്ധ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകളെ തടവിലാക്കിയതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
ഏപ്രില്‍ 17, 18 ദിവസങ്ങളിലായി വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് ഈ രണ്ട് സ്ത്രീകളെയും വെടിവെച്ചു കൊന്നത്. ഇവരെ കണ്ടെത്തി വൈദ്യസഹായം നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നതിന് മുമ്പേ ഇവര്‍ മരണപ്പെട്ടെന്നും സംഘടന വ്യക്തമാക്കി. ഇപ്രകാരം തന്നെ പത്ത് പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെയും പതിനാല് ദിവസത്തേക്ക് നിയമ വിരുദ്ധമായി ഹൂത്തികള്‍ തടഞ്ഞുവെച്ചിരുന്നു. ഇതില്‍ രണ്ട് പേരെ മാത്രം പണം നല്‍കിയതിനെ തുടര്‍ന്ന് മോചിപ്പിച്ചിരുന്നു.
യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിക്കെതിരെ ശിയാ വിമതരും സഖ്യ കക്ഷികളും നടത്തിയ ആക്രമണങ്ങള്‍ സൃഷ്ടിച്ച യുദ്ധാന്തരീക്ഷം ആദനിലെ പൗരന്‍മാര്‍ക്ക് ഭീഷണിയായത് ഉദാഹരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഈ നിരീക്ഷണത്തിലെത്തിയത്. പൗരന്‍മാര്‍ക്ക് നേരെയുള്ള മനഃപൂര്‍വമുള്ള ആക്രമണവും അവരെ തടവിലാക്കലും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ പെടുമെന്ന് സംഘം വ്യക്തമാക്കി.