ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുമ്പോള്‍ പഴയ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യയോട് നേപ്പാള്‍

Posted on: May 6, 2015 5:30 am | Last updated: May 5, 2015 at 11:33 pm

കാഠ്മണ്ഡു: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുമ്പോള്‍ പഴയ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യയോട് നേപ്പാള്‍. അയല്‍ രാജ്യത്ത് നിന്നും ഉച്ഛിഷ്ടം സ്വീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നേപ്പാള്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട ആദ്യ ചരക്കു ട്രെയിന്‍ ബിര്‍ഗുഞ്ചിലെ െ്രെഡപോര്‍ട്ടില്‍ എത്തിയ ശേഷമാണ് നേപ്പാളിന്റെ പ്രതികരണം. ട്രെയിനില്‍ അയച്ച ദുരിതാശ്വാസ വസ്തുക്കളില്‍ ആക്ഷേപാര്‍ഹമായവ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ സ്വീകരിക്കാന്‍ നേപ്പാള്‍ അധികൃതര്‍ തയ്യാറായില്ല. ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് മുമ്പായി അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിറച്ച പഴയ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ 25ന് നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ ഉടന്‍ തന്നെ ഇന്ത്യ സഹായവുമായി രംഗത്ത് എത്തിയിരുന്നു. സൈന്യത്തെയും രക്ഷാപ്രവര്‍ത്തകരെയും ഇന്ത്യ നേപ്പാളില്‍ എത്തിക്കുകയും ചെയ്തു. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഉഴലുന്ന നേപ്പാളി ജനതക്ക് സഹായമായി നിരവധി ദുരിതാശ്വാസ വസ്തുക്കളും ഇന്ത്യ നല്‍കിയിരുന്നു. രാജ്യം ഔദ്യോഗികമായി നല്‍കിയതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വിവിധ എന്‍ ജി ഒകളും നേപ്പാളിന് ദുരിതാശ്വാസവുമായി രംഗത്ത് വന്നിരുന്നു.