Gulf
ഒമാനില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

മസ്‌കത്ത്: പൊതുമാപ്പ് കാലയളവില്‍ രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി മാനവവിഭവ മന്ത്രാലയം. തൊഴില്‍ മാറല്‍, ശമ്പളം വര്‍ധിപ്പിക്കല്‍, പുതിയ തൊഴിലാളികളെ നിയമിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തല്‍, കമ്പനി പരിഷ്‌കരണം തുടങ്ങി നിരവധി അവസരങ്ങളാണ് ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് തൊഴില്‍ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
ലേബര്‍ ഓഫീസ്, സനദ് ഓഫീസ് എന്നിവിടങ്ങളില്‍ പതിച്ചിട്ടുള്ള നോട്ടീസുകളിലൂടെയാണ് ആനുകൂല്യങ്ങള്‍ സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിച്ചിട്ടുള്ളത്.
പ്രൊഫഷന്‍ മാറാനുള്ള അവസരം പ്രാസികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത ഏത് ജോലിയിലേക്കും തൊഴില്‍ മാറാന്‍ സാധിക്കും. ഇതിന് പുറമെ മൂന്ന് മാസത്തിനകം സാലറി കൂട്ടാനുള്ള നടപടികള്‍ക്കും മന്ത്രാലയം സാഹചര്യം ഒരുക്കിയിട്ടുണ്ട്. ആറ് മാസത്തെ ബേങ്ക് സ്‌റ്റേറ്റ്‌മെന്റ് ഇതിനായി ഹാജരാക്കണം. നിലവില്‍ മൂന്ന് ശതമാനം മാത്രമേ സാലറി കൂട്ടാന്‍ പറ്റുകയുള്ളൂവെങ്കിലും പൊതുമാപ്പ് കാലയളവില്‍ എത്ര ശതമാനം വേണമെങ്കിലും വര്‍ധിപ്പിക്കാം.
കമ്പനി പരിഷ്‌കരണ നടപടികള്‍ക്കും ഇക്കാലയളവില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ പേര് മാറ്റം, രേഖകള്‍ പുതുക്കല്‍, ലീഗല്‍ സ്റ്റാറ്റസ്, കമ്പനിയിലേക്ക് പാര്‍ട്ണറെ ഉള്‍പെടുത്തുക, പാര്‍ട്ണറെ പുറത്താക്കുക എന്നിവക്കെല്ലാം അനുവാദം നല്‍കിയതിന് പുറമെ നിരോധിക്കാത്ത രൂപത്തിലുള്ള ആക്ടിവിറ്റികളെല്ലാം കമ്പനികളില്‍ പുതുതായി ഉള്‍പെടുത്താനും സാധിക്കും. ഇതിന് വ്യവസായ മന്ത്രാലയം അംഗീകരിച്ച രേഖകളും ആവശ്യമാണ്. ഒമാനൈസേഷന്‍ വരുത്തിയിട്ടില്ലാത്ത എല്ലാ ജോലികളിലേക്കും സ്‌പോണ്‍സറെ മാറാനും അവസരമുണ്ട്. ആവശ്യമായ രേഖകള്‍ ഇതിന് ഹാജരാക്കണം. ഇതിന് പുറമെ ലേബര്‍ കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിഴ അടക്കുകയും വേണം.
കമ്പനി സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ ക്ലിയറന്‍സ് അനുവദിക്കും. ക്ലിയറന്‍സിന് ഒരു മാസത്തെ കാലാവധിയാണ് ഉണ്ടാവുക. 201 റിയാലാണ് ഇതിന് ചെലവ്. രാജ്യത്തുള്ളയാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് കമ്പനിക്ക് ക്ലിയറന്‍സ് ഉപകരിക്കും. തൊഴിലാളി ചാടിപ്പോയതായി പരാതി നല്‍കിയവര്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മൂന്ന് നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേബര്‍ കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിഴ അടക്കുക, തൊഴിലാളിയെ ആവശ്യമുണ്ടെന്ന് അറിയിച്ച് സ്‌പോണ്‍സര്‍ ലെറ്റര്‍ നല്‍കുക, തൊഴിലാളിയെ ആവശ്യമുള്ള സ്‌പോണ്‍സര്‍ പഴയ സ്‌പോണ്‍സറുടെ സമ്മതത്തോടെ ലെറ്റര്‍ നല്‍കുക. ജോലി മാറുന്നതിന് ലേബര്‍ ക്ലിയറന്‍സ് ഹാജരാക്കിയാല്‍ രാജ്യത്ത് നിന്ന് തന്നെ പുതിയ ജോലിയിലേക്ക് മാറാന്‍ സാധിക്കും. പുറത്ത് പോകേണ്ട ആവശ്യമില്ല. ഔട്ട്പാസിലൂടെ രാജ്യത്തിന് പുറത്ത് കടക്കുന്നവര്‍ക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണിത്. പുതിയ സ്‌പോണ്‍സറുടെ ക്ലിയറന്‍സും അപ്പോയ്‌മെന്റ് ലെറ്ററും കൊടുത്ത് പഴയ സ്‌പോണ്‍സറുടെ അനുവാദത്തോടെ പരാതി പിന്‍വലിക്കാന്‍ പറ്റും. ഇതിന് പ്രത്യേക ചെലവുകള്‍ ഒന്നും തന്നെ ഇല്ല.
അതേസമയം, പൊതുമാപ്പ് കാലയളവില്‍ കാന്‍സല്‍ ചെയ്ത് പോയതിന് പകരം ക്ലിയറന്‍സ് അനുവദിക്കില്ല. പുതിയ തൊഴിലാളികളെ ഇതേ പോസ്റ്റിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നത് മാനവവിഭവ മന്ത്രാലയത്തിന്റെ നോട്ടീസില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.