എസ് എഫ് ഐ ജില്ലാസമ്മേളനം തുടങ്ങി

Posted on: April 28, 2015 1:08 pm | Last updated: April 28, 2015 at 1:08 pm

പെരിന്തല്‍മണ്ണ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ സ്വാശ്രയവത്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അധികാരികള്‍ പിന്‍വാങ്ങണമെന്ന് എസ് എഫ് ഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. 156 ദിവസങ്ങളില്‍ നടത്തിയ നിരാഹാര സമര പോരാട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും വാക്കിന് വില കല്‍പ്പിക്കാത്ത സര്‍വകലാശാലധികൃതര്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ്. അഴിമതിയുടെയും സ്വാശ്രയവത്കരണത്തിന്റെയും പ്രധാനകേന്ദ്രമായി മാറിയിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്കരണത്തെ ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കുന്ന നിലപാടുകളാണ് കൈകൊള്ളുന്നത്. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖ കക്ഷികളിലൊന്നായ മുസ്‌ലിംലീഗ് മറിച്ചാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ ഡോ.ജെ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ വി ശശികുമാര്‍ സ്വാഗതം പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന സായി സ്‌നേഹതീരത്തിലെ എസ് എസ് എല്‍ സിക്ക് മുഴുവന്‍ മാര്‍ക്ക് വാങ്ങി വിജയിച്ച മൂന്ന് വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സി എച്ച് ആഷിഖ്, വി രമേശന്‍, എന്‍ പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷിഅനില്‍രാജ്, വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം സംബന്ധിച്ചു. ഇന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.