വാര്‍ഡ് പുനര്‍വിഭജനം നീളുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക

Posted on: April 28, 2015 5:07 am | Last updated: April 28, 2015 at 12:08 am

തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ നീണ്ടുപോകുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ തന്നെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാകുന്നത് വൈകിയാല്‍ ഒക്‌ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പിനെ ബാധിക്കും. പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അന്തിമരൂപരേഖയുണ്ടാകാത്തതിനാല്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം വരെ അനിശ്ചിതത്വത്തിലാണ്. കുരുക്ക് മുറുകിയാല്‍ നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന് പരിഗണിക്കേണ്ടി വരും. നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ഇതിനോട് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.
സംസ്ഥാനത്ത് 69 ഗ്രാമപഞ്ചായത്തുകളും 31 മുനിസിപ്പാലിറ്റികളും ഒരു കോര്‍പറേഷനുമാണ് പുതുതായി രൂപവത്കരിക്കുന്നത്. വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ ജൂലായ് 31ന് മുമ്പ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ പുതിയ പഞ്ചായത്തുകളില്‍ അടക്കം തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്താനാകു എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
മാതൃപഞ്ചായത്തുകളടക്കം 204 പഞ്ചായത്തുകളില്‍ പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റികളുടെ കാര്യത്തിലും ഈ സാഹചര്യമുണ്ട്. ഇനി മൂന്ന് മാസം മാത്രമാണ് ഇതിനായി അവശേഷിക്കുന്നത്.