രാഷ്ടീയ പാര്‍ട്ടികളുടെ മതവത്കരണം രാജ്യത്തിന് ഭീഷണി: കാന്തപുരം

Posted on: April 26, 2015 11:37 pm | Last updated: April 26, 2015 at 11:37 pm

kanthapuramഹസനിയ്യനഗര്‍: മത സംഘടനകളുടെ രാഷ്ടീയവത്കരണവും രാഷ്ടീയ പാര്‍ട്ടികളുടെ മത പരിവര്‍ത്തനവും രാജ്യത്തിന്റെ സാമൂഹ്യവ്യവസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്‌നേഹ സമൂഹം സുരക്ഷിത രാജ്യംഎന്ന സന്ദേശത്തില്‍ കല്ലേക്കാട് ജാമിഅ ഹസനിയ്യ സംഘടിപ്പിച്ച ഇരുപതാം വാര്‍ഷിക, ഒന്‍പതാം സനദ്ദാന സമ്മേളനത്തില്‍ സനദ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഇന്ത്യയുടെ ധാര്‍മിക മൂല്യങ്ങളും രാഷ്ടീയ സദാചാരവും പാരമ്പര്യ ചരിത്രവും അധികാര രാഷ്ടീയത്തിനായി ബലികഴിക്കുന്ന സങ്കീര്‍ണമായ ഒരവസ്ഥയാണ് ഇന്ന് രാജ്യം നേരിടുന്നത്. ഇന്ത്യയെ ചരിത്രാതീതഭാരതത്തിലേക്ക് ബോധപൂര്‍വം വഴി നടത്തിക്കാനുള്ള ചിലരുടെ രാഷ്ടീയ മോഹങ്ങള്‍ ഇന്ത്യയെ വംശീയവും വര്‍ഗീവുമായ അസമത്വങ്ങളിലേക്ക് എത്തിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും നെഞ്ചേറ്റിയ രാജ്യമാണ് ഇന്ത്യ. മതവിഭാഗങ്ങള്‍ക്ക് അവരുടേതായ വിശ്വാസരീതിക്കൊത്ത് ജീവിക്കാനും അവ പ്രചരിപ്പിക്കാനും ഭാരതം സ്വാതന്ത്രവും അവകാശവും നല്‍കുന്നുണ്ട്. ഭരണഘടന നല്‍കുന്ന ഈ മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇന്ന് നടക്കുന്നത്. അധികാര രാഷ്ടീയം വിനിയോഗിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതെന്നും സുരക്ഷിത രാജ്യത്തിനും സ്‌നേഹ സമൂഹത്തന്റെ സൃഷ്ടിക്കും ഭീഷണിയാകുന്ന ഛിദ്ര ശക്തികളെ തിരിച്ചറിയണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
സമുദായങ്ങള്‍ തമ്മിലുള്ള യോജിപ്പും സ്‌നേഹബന്ധങ്ങളും മതേതര ഇന്ത്യയുടെ വളര്‍ച്ചക്കും വികാസത്തിനും അനിവാര്യമാണ്. മതവിഭാഗങ്ങളെ പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാകണം. ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. കെട്ടുറപ്പുള്ള സമൂഹത്തിലൂടെ മാത്രമേ സുരക്ഷിത രാജ്യം പൂവണിയിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് സ്‌നേഹ സമൂഹത്തിന്റെ സൃഷ്ടി അനിവാര്യമാണെന്നും ജാമിഅ ഹസനിയ്യ ഇത്തരമൊരു സന്ദേശമാണ് രാജ്യത്തിന് പകര്‍ന്നുനല്‍കുന്നതെന്നും കാന്തപുരം കൂട്ടിചേര്‍ത്തു.

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം