ക്രിസ്റ്റ്യാനോയല്ല, മെസിയാണ് എന്റെ താരം : പെലെ

Posted on: April 18, 2015 6:00 am | Last updated: April 18, 2015 at 11:21 am

Pele_0_0_0_0സാവോപോളോ: ക്രിസ്റ്റ്യാനോയും മെസിയും മികച്ച താരങ്ങളാണ്. ഇവരിലൊരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ മെസിയെ പരിഗണിക്കും – ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വാക്കുകള്‍.
സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് പെലെ സ്പാനിഷ് ഫുട്‌ബോളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ട് താരങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ക്രിസ്റ്റ്യാനോ മഹാനാണ്, അയാളുടെ ഫോര്‍വേഡ് സ്‌കില്‍ അപാരമാണ്, ധാരാളം സ്‌കോര്‍ ചെയ്യുന്നു. മെസിയിലെ ഫുട്‌ബോളര്‍ ഗോള്‍ നേടുന്നതിനൊപ്പം കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് വളരെ പ്രധാനമാണ്. ഇവരിലൊരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും മെസിയാകുമത് – പെലെ പറഞ്ഞു.
നെയ്മര്‍ ഇവരുടെ നിലവാരത്തിലെത്തിയിട്ടില്ല. അതിന് സമയമെടുക്കുമെന്നും പെലെ. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ സിനദിന്‍ സിദാനാണ്. തന്നെക്കാള്‍ ധൈര്യമുള്ള താരമാണ് സിദാനെന്നും പെലെ പറഞ്ഞു. സിദാന്റെ കാലില്‍ പന്തെത്തുമ്പോള്‍ അയാളുടെ തലയും പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് നമുക്ക് കാണാം – പെലെ.