Connect with us

Gulf

സ്ത്രീകള്‍ ഇരകളാകുന്ന സൈബര്‍ കേസുകളന്വേഷിക്കാന്‍ വനിതാ പോലീസിന് പ്രത്യേക പരിശീലനം

Published

|

Last Updated

ദുബൈ: കുട്ടികള്‍ ഇരകളാകുന്ന കേസുകളിലും സ്ത്രീകള്‍ അകപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ ദുബൈ പോലീസിലെ വനിതാ സംഘത്തിന് പ്രത്യേക പരിശീലനം നല്‍കി.
കുട്ടികള്‍ ഇരകളാകുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നു. സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളും അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം കേസുകളന്വേഷിക്കാന്‍ വൈദഗ്ധ്യമുള്ള വനിതാ സംഘത്തെ പോലീസ് സേനയില്‍ നിന്ന് പ്രത്യേകം പരിശീലനം നല്‍കിയതെന്ന് ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി അറിയിച്ചു.
സോഷ്യല്‍ മീഡിയകളിലുള്ള സുരക്ഷിതമല്ലാത്ത വ്യവഹാരങ്ങളാണ് അപകടങ്ങള്‍ക്ക് കാരണം. വേട്ടക്കാര്‍ തന്ത്രപൂര്‍വം കൈക്കലാക്കിയ, ഉപഭോക്താവിന്റെ ചിത്രമോ വീഡിയോശകലങ്ങളോ ദുരുപയോഗപ്പെടുത്തുന്നതാണ് ഒരു രീതി. ഇത്തരം സംഭവങ്ങളില്‍ കൂടുതലും ഇരകളാകുന്നത് സ്ത്രീകളാണ്. ഇത്തരത്തില്‍ സ്ത്രീകള്‍ ഇരകളാക്കപ്പെട്ട പലകേസുകളും പോലീസിന് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്.
സ്ത്രീകള്‍ ഇരകളാകുന്ന ഇത്തരം കേസുകളില്‍ പുരുഷ പോലീസുകാര്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി ഇടപെടുന്നതില്‍ പരിധികളുണ്ടാകും. ഇത് പരിഹരിക്കാനാണ് പ്രത്യേക പരിശീലനം നല്‍കി വനിതാ പോലീസുകാരെ രംഗത്തിറക്കുന്നതെന്ന് അല്‍ മന്‍സൂരി വ്യക്തമാക്കി. ഇത്തരം ശ്രമങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ ഇടപെടുന്നവര്‍ അതീവ ജാഗ്രതയോടെയാവണം അത് കൈകാര്യം ചെയ്യേണ്ടത്. മുന്‍പരിചയമില്ലാത്ത അജ്ഞാതര്‍ക്ക് തന്റെയും തന്റെ ചുറ്റുവട്ടത്തെയും കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഒരിക്കലും നല്‍കരുത്. പ്രത്യേകിച്ചും സ്ത്രീകള്‍.
സൈബര്‍ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ പലപ്പോഴും രാജ്യത്തിനു പുറത്തുള്ളവരായിരിക്കുമെന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം അന്വേഷണം ഏറെ ദുഷ്‌കരമാക്കുന്നതാണ്. അത് കൊണ്ട് തന്നെ സ്വയം ബോധവും തിരിച്ചറിവും സോഷ്യല്‍ മീഡിയകളില്‍ ഇടപെടുന്നവര്‍ കാണിക്കണമെന്നും അല്‍ മന്‍സൂരി ആവശ്യപ്പെട്ടു.

Latest