ദുബൈ-അല്‍ ഐന്‍ റോഡില്‍ മൊബൈല്‍ റഡാറുമായി ആര്‍ ടി എ

Posted on: April 10, 2015 5:18 pm | Last updated: April 10, 2015 at 5:18 pm

ദുബൈ: നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകളില്‍ നിന്നു വിദഗ്ധമായി രക്ഷപ്പെടുന്നവരെ പൂട്ടാന്‍ മൊബൈല്‍ റഡാറുമായി ആര്‍ ടി എ രംഗത്ത്. പതിവായി യാത്ര ചെയ്യുന്ന റൂട്ടില്‍ ഏതെല്ലാം ഇടങ്ങളില്‍ റഡാര്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയുന്നവര്‍ ഈ മേഖലയില്‍ മാത്രം വേഗം കുറക്കുകയും മറ്റിടങ്ങളില്‍ അനുവദനീയമായതിലും വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നത് നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കൊണ്ടുനടക്കാവുന്ന റഡാറുകളുമായി അമിത വേഗക്കാരെ കുടുക്കാന്‍ ആര്‍ ടി എ ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ഇത്തരം റഡാറുകളുമായി ആര്‍ ടി എ ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. പലരും റഡാറില്‍ കുടുങ്ങിയതായാണ് വിവരം.
ദുബൈ-അല്‍ ഐന്‍ റോഡില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് തടയിടാന്‍ വേഗപരിധി മണിക്കൂറില്‍ 120ല്‍ നിന്ന് 100 ആക്കി ഒന്നാം തിയ്യതി മുതല്‍ കുറച്ചിരുന്നു. എന്നിട്ടും പല വാഹനങ്ങളും വേഗ പരിധി പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട സ്ഥിതിക്കാണ് മൊബൈല്‍ റഡാറുമായി ഇറങ്ങിയത്. ഇന്നലെ ഈ റൂട്ടില്‍ മൂന്നു മൊബൈല്‍ റഡാറുകളുടെ സേവനമാണ് ആര്‍ ടി എ ഉപയോഗപ്പെടുത്തിയത്.
എമിറേറ്റ്‌സ് റോഡിലേക്കുള്ള ഇന്റര്‍സെക്ഷനിലും ബൂ ഖദറ ഇന്റര്‍സെക്ഷനും ഇടയിലും വേഗം കുറച്ചിരുന്നു. ദുബൈയിലെ മറ്റ് റോഡുകളിലെയും പരമാവധി വേഗത്തില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നതായി ആര്‍ ടി എ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മിര്‍ദിഫ് സിറ്റി സെന്ററിനും ഷാര്‍ജ അതിര്‍ത്തിക്കും ഇടയിലും വേഗപരിധി പുനര്‍നിശ്ചയിക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ആര്‍ ടി എ വേഗ പരിധിയില്‍ പരിഷ്‌കരണം നടപ്പാക്കുന്നത്.
ആ മേഖലയിലെ പട്ടണ വത്കരണം, ഇരു ഭാഗത്തെയും റോഡുകളുടെ ലഭ്യത, വിദ്യാലയം, മസ്ജിദ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയാണ് ഇതില്‍ മുഖ്യമെന്നും അല്‍ ബന്ന പറഞ്ഞു.