Connect with us

Kerala

അട്ടപ്പാടി: സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ മാത്രമൊതുങ്ങിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ ജി ബാലകൃഷ്ണന്‍. പോഷകാഹാര കുറവ് നിമിത്തം കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നാല് ആഴ്ചത്തെ സമയം നല്‍കി.

തിരുവനന്തപുരത്ത് നടത്തിയ സിറ്റിംഗിലാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. 2013 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 13 ശിശുക്കളും 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ 14 ശിശുക്കളും മരിച്ചതായി സര്‍ക്കാര്‍ കമ്മീഷനെ ധരിപ്പിച്ചു. അമ്മമാരുടെ പോഷകാഹാര കുറവാണ് മരണ കാരണം. ഇതു മറികടക്കാന്‍ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാചകം ചെയ്ത പോഷകാഹാരം വിതണം ചെയ്യുന്നു. ആദിവാസി മേഖലയില്‍ തൊഴില്‍ നോക്കുന്ന ഡോക്ടര്‍മാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ അധിക തസ്തികകള്‍ അനുവദിച്ചു. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കി. ഇതോടെ ശിശുമരണം ഗണ്യമായി കുറഞ്ഞു വരുന്നു.
എന്നാല്‍, വളര്‍ച്ചയെത്താത്ത കുട്ടികളെ പ്രസവിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നു. ആദിവാസി സ്ത്രീകളുടെ കൃത്യതയില്ലാത്ത ആര്‍ത്തവം കാരണം പ്രസവ തീയതി മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നില്ല. ഇതു കാരണമാണ് പൂര്‍ണ വളര്‍ച്ചയെത്താതെ കുട്ടികള്‍ ജനിക്കുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി കണ്ട് സത്വര നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള ട്രൈബ്യൂണല്‍ എത്രയും വേഗം രൂപവത്കരിക്കാന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ട്രൈബ്യൂണല്‍ രൂപവത്കരണത്തിന്റെ കാലതാമസത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ദുരിതാശ്വാസ തുകയില്‍ ഇനിയും നല്‍കാനുള്ള തുകയുടെ വിശാദംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എട്ട് ആഴ്ചക്കകം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ട്രൈബ്യൂണല്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ക്യാമ്പ് സിറ്റിംഗില്‍ സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫുള്‍ കമ്മീഷന്റെ ക്യാമ്പ് സിറ്റിംഗിന്റെ രണ്ടാം ദിവസമായ ഇന്നലെ 19 കേസുകളാണ് പരിഗണനക്കെടുത്തത്. അംഗപരിമിതരായ 290 പരീക്ഷാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ലിഫ്റ്റ് ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പരീക്ഷ നടത്തിയതിലുള്ള ഗുരുതരമായ വീഴ്ചക്ക് കമ്മീഷന്‍, പി എസ് സിയെ ശാസിച്ചു.
ഈ മനുഷ്യാവകാശ ലംഘനത്തിന് ഓരോ പരീക്ഷാര്‍ഥിക്കും 1000 രൂപാവീതം നഷ്ടപരിഹാരം നല്‍കാതിരിക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് കമ്മീഷന്‍ പി എസ് സിക്ക് നല്‍കി.

Latest