Connect with us

Palakkad

ജല ചൂഷണം: പ്ലാച്ചിമടയുടെ തൊണ്ട വരളുന്നു

Published

|

Last Updated

പാലക്കാട്: പ്ലാച്ചിമട കൊക്കോകോള കമ്പനിയുടെ ജലചൂഷണം മൂലം ഊഷാര ഭൂമിയായ കിഴക്കന്‍മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയായതോടെ ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നു. വേനല്‍ കനത്തതോടെ കുഴല്‍കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കൃഷിക്കും വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെയായി. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനമൂലം കിണറുകളില്‍ വെള്ളം ഉപയോഗ ശൂന്യമാവുകയാണ്. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല് അനിശ്ചിതത്വത്തിലിരിക്കെ ഈ പ്രദേശത്ത് വെള്ളം ലഭിക്കാതെ ജനം നരകയാതനയിലാണ്. പ്ലാച്ചിമടയിലും ടാങ്കര്‍ലോറിയിലാണ് കുടിവെള്ളമെത്തുന്നത്. ഭൂഗര്‍ഭ”ജലനിരപ്പ് താഴ്ന്നതോടെ പമ്പിങ് നിര്‍ത്തേണ്ടിവരുന്നു. —ഇതോടെ കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. ഇതിന്പുറെമ വടകരപ്പതി, എരുത്തേമ്പതി, കെഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലാണ് കടുത്ത കുടിവെള്ളക്ഷാമം. എരുത്തേമ്പതി പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ല. ഇതോടെ ജനജീവിതം ദുഷ്‌കരമായി. ഈ പ്രദേശങ്ങളില്‍ കുഴല്‍കിണറില്‍നിന്ന് വെള്ളമെടുത്ത് പൈപ്പ് ലൈനിലൂടെ നല്‍കുകയാണ് ചെയ്തിരുന്നത്. കുഴല്‍കിണറുകളില്‍ വെള്ളം താഴ്ന്നതോടെ പമ്പിങ് നിര്‍ത്തി.
കുഴല്‍കിണറുകളില്‍ വെള്ളം താഴ്ന്നതോടെ ജനങ്ങള്‍ കൃഷിയും ഉപേക്ഷിക്കാന്‍ തുടങ്ങി. പച്ചക്കറികൃഷിയും പലയിടത്തും ഉണക്ക ഭീഷണിയിലാണ്. കഴിഞ്ഞവര്‍ഷം അതിര്‍ത്തിമേഖലയിലെ ആയിരത്തോളം ഏക്കറില്‍ തെങ്ങ്കൃഷി ഉണങ്ങി. വടകരപ്പതി പഞ്ചായത്തില്‍ മഞ്ചക്കുന്ന്, കീരാംപാറ, നീളിപ്പാറ, ചുണ്ണാമ്പ്കല്‍തോട്, വെള്ളച്ചികുളം എന്നിവിടങ്ങളിലാണ് ജലക്ഷാമം കൂടുതല്‍ രൂക്ഷമായത്. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പാറക്കളം, മണിമുത്ത് നഗര്‍, പള്ളിത്തെരുവ്, എംജി ആര്‍ നഗര്‍ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിന്റെ പൈപ്പ്‌ലൈനിലൂടെ ആഴ്ചയില്‍ രണ്ട്ദിവസമാണ് വെള്ളമെത്തിയിരുന്നത്. ഇപ്പോള്‍ അതും ഇല്ലാതായി.
പെരുമാട്ടിയില്‍ ഇ എം എസ് കോളനി, പ്ലാച്ചിമട, കല്യാണപ്പേട്ട, പാറക്കളം, വേമ്പ്ര, ചെമ്മണാംതോട് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. പട്ടഞ്ചേരി പഞ്ചായത്തില്‍ കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ എത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലായില്ല. അതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളിലുള്ള കുഴല്‍കിണറുകളില്‍നിന്ന് കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അതും നിലച്ചു. ജലക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതി സാധാരണമായി. പലരും തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യാന്‍ കുടുംബസമേതം താമസം മാറ്റുന്നു. അതിര്‍ത്തിക്കപ്പുറത്ത് യഥേഷ്ടം വെള്ളം ലഭിക്കുന്നത് കര്‍ഷകരെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നു. പറമ്പിക്കുളം, ആളിയാര്‍ ഡാമുകളില്‍നിന്ന് ഇവിടേക്ക് വെള്ളം നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് ഒരു പദ്ധതികളും ആവിഷ്‌കരിക്കാത്തത് കര്‍ഷകരേയും ജനങ്ങളേയും ദുരിതത്തിലാക്കുന്നു.
അതേസമയം പ്ലാച്ചിമട ദുരന്തത്തിനിരയായവര്‍ക്ക് സഹായമാകുന്ന ട്രൈബ്യൂണല്‍ ബില്ല് നടപ്പാക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നയത്തിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ട്രൈബ്യൂണല്‍ ബില്ല് പാസ്സാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താനാണ് കൊക്കോകോള വിരുദ്ധ സമരസമിതിയുടെ തീരുമാനം.

Latest