Connect with us

Kozhikode

നഗരത്തിലെ ഗതാഗതക്കുരുക്ക്: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരത്തിലിറങ്ങി

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് രംഗത്തെത്തി. മാവൂര്‍ റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാണ് ഡപ്യൂട്ടി കമ്മീഷണര്‍ സാലി, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ റസാഖ്, അരവിന്ദാക്ഷന്‍ എന്നിവരുട നേതൃത്വത്തിലുള്ള പ്രമുഖരുടെ പട നിരത്തിലിറങ്ങിയത്.
മാവൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ ജാഫര്‍ഖാന്‍ കോളനി റോഡ് വരെ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഡ്രൈനേജ് നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ ഒരു ഭാഗത്തേക്ക് മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശം നല്‍കിയിരുന്നത്. പിന്നീട് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം സമയങ്ങളില്‍ മണിക്കൂറുകളോളം ട്രാഫിക് ജാം അനുഭവപ്പെടും. ജാഫര്‍ഖാന്‍ കോളനി, മര്‍കസ് കോംപ്ലക്‌സ്, മര്‍കസി മസ്ജിദ് എന്നിവിടങ്ങളിലേക്ക് ബസ് സ്റ്റാന്റില്‍ നിന്ന് നിരവധി കാല്‍നട യാത്രകാരാണ് ദിനംപ്രതി ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് ഏറെ പ്രയാസമാണ് അനുഭവപ്പെടാറുള്ളത്.
ഇവിടെ പേരിന് മാത്രം ഒന്നോ രണ്ടോ പോലീസുകാരെ മാത്രം നിയോഗിക്കുന്നത് പലപ്പോഴും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ചില സമയങ്ങളില്‍ പോലീസുകാരുടെ സാനിധ്യം ഉണ്ടാവാറുമില്ല. ഈ സമയങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുക എന്നത് സാഹസവുമാണ്. പലരും വാഹനങ്ങള്‍ക്ക് മുമ്പില്‍ പെട്ട് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇത് പരാതിക്കിടയാക്കിയ സാഹചര്യത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഗതാഗതക്കുരുക്കഴിക്കാനും കാല്‍നട യാത്രക്കാരെ സഹായിക്കാനും നേരിട്ട് രംഗത്തെത്തിയത്.

Latest