Connect with us

Kozhikode

സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു

Published

|

Last Updated

കുന്ദമംഗലം: ഇശലും ചുവടും തീര്‍ത്ത ഒപ്പനയുടെ അഴകും മുദ്രക്കൊപ്പം ചുവടുവെച്ച മാര്‍ഗം കളിയുടെ തനിമയും മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ മുട്ടിക്കയറിയ ദഫും ചടുല താളമിട്ട ദിനം. കേരളീയ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകള്‍ മേളിച്ച ദിനം ആസ്വാദകരെ നഗരിയില്‍ പിടിച്ചിരുത്തി.

കളിവാക്കു പറഞ്ഞും കളിയാക്കി ചിരിച്ചും അണിഞ്ഞൊരുങ്ങിയെത്തിയ നാരിമാരെയും തോഴിമാരെയും കണ്ടാണ് ഇന്നലെ കലോത്സവ നഗരി ഉണര്‍ന്നത്. കുപ്പിവള കിലുങ്ങി പൊട്ടിയ ഒപ്പനവേദിയില്‍ ആസ്വാദകര്‍ രാവേറെ നേരം മിഴിതുറന്നിരുന്നു. രണ്ടാം വേദിയിലെ മാര്‍ഗം കളിക്കും ഏറെ ആരാധകരെത്തി.
മര്‍കസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ദഫും അറബനയും മുട്ടിക്കയറിയപ്പോള്‍ നിലക്കാത്ത ആരവങ്ങളുയര്‍ന്നു. പതിനഞ്ച് വേദികളിലും ഇന്നലെ ആവേശക്കാഴ്ചകള്‍ തന്നെയായിരുന്നു.
മൂന്ന് ദിവസത്തെ പോരാട്ടത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 209 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 190 പോയിന്റുമായി ചേവായൂര്‍ രണ്ടാം സ്ഥാനത്തും 184 പോയന്റുമായി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 247 പോയിന്റുമായി ചേവായൂര്‍ ഒന്നാം സ്ഥാനത്താണ്. 228 പോയന്റുമായി കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 177 പോയന്റുമായി ബാലുശ്ശേരി മൂന്നാം സ്ഥാനത്തുമാണ്. യു പി വിഭാഗത്തില്‍ 75 പോയിന്റുമായി ചേവായൂര്‍ ഉപജില്ലയാണ് മുന്നില്‍. 72 പോയിന്റുമായി ബാലുശ്ശേരി രണ്ടാം സ്ഥാനത്തും 71 പോയന്റുമായി വടകര മൂന്നാം സ്ഥാനത്തുമാണ്.
യു പി സംസ്‌കൃതോത്സവത്തില്‍ 75 പോയിന്റുമായി പേരാമ്പ്ര ഒന്നാം സ്ഥാനത്താണ്. 70 പോയിന്റുള്ള ബാലുശ്ശേരിയും കൊയിലാണ്ടിയുമാണ് രണ്ടാം സ്ഥാനത്ത്. 68 പോയിന്റുള്ള മേലടിയാണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 56 പോയിന്റുമായി ബാലുശ്ശേരി, ചേവായൂര്‍ ഉപജില്ലകള്‍ ഒന്നാം സ്ഥാനത്താണ്. 53 പോയിന്റുമായി കുന്നുമ്മല്‍ രണ്ടാം സ്ഥാനത്തും 52 പോയിന്റുമായി കൊടുവള്ളി മൂന്നാം സ്ഥാനത്തുമാണ്. യു പി അറബിക് സാഹിത്യോത്സവത്തില്‍ 50 പോയന്റുമായി നാദാപുരം, ഫറോക്ക് ഉപജില്ലകളാണ് ഒന്നാം സ്ഥാനത്ത്. 48 പോയിന്റുമായി കുന്ദമംഗലവും കൊടുവള്ളിയും രണ്ടാം സ്ഥാനത്തും 46 പോയിന്റുമായി കുന്നുമ്മല്‍, കോഴിക്കോട് റൂറല്‍, ബാലുശ്ശേരി ഉപജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 71 പോയന്റുമായി നാദാപുരം ഉപജില്ല മുന്നേറുകയാണ്. 69 പോയന്റുമായി ഫറോക്ക്, കോഴിക്കോട് റൂറല്‍ ഉപജില്ലകള്‍ രണ്ടാം സ്ഥാനത്തും 68 പോയന്റുമായി ബാലുശ്ശേരി മൂന്നാം സ്ഥാനത്തുമാണ്.