Connect with us

International

ടോര്‍പിഡോ, ക്രൂയിസ് മിസൈലുകള്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ നാവിക സേന ടോര്‍പിഡോ, ക്രൂയിസ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു. ആറ് ദിവസമായി തുടരുന്ന സൈനിക അഭ്യാസങ്ങളുടെ ഭാഗമായാണ് മിസൈലുകള്‍ പരീക്ഷിച്ചത്. തെക്കന്‍ ഇറാനിലെ ഒമാനിനോട് ചേര്‍ന്നുള്ള കടലില്‍ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ മിസൈലുകള്‍ കൃത്യമായി പതിച്ചതായി ഇറാന്‍ നാവിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ് എച്ച് 3ഡി എന്ന അത്യാധുനിക യുദ്ധ ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. ഇതിന് പുറമെ നസര്‍, നൂര്‍ എന്നീ പേരുകളുള്ള കരയില്‍ നിന്നും കടലിലേക്ക് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകളും വിജയകരമായി വിക്ഷേപിച്ചു. 120 കിലോമീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ നസര്‍ ക്രൂയിസ് മിസൈലുകള്‍ക്ക് ആകുമെന്ന് നാവിക ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ആണവ വിഷയത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം ഇറാന് മേലുള്ളപ്പോള്‍ തന്നെയാണ് പുതിയ മിസൈലുകളുടെ പരീക്ഷണം. തങ്ങളുടെ ആയുധങ്ങള്‍ ഒരിക്കലും മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാകില്ലെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Latest