ഗ്രീക്ക് കടലില്‍ ഇറ്റാലിയന്‍ കപ്പലിന് തീപ്പിടിച്ചു; രക്ഷാ ദൗത്യം തുടരുന്നു

Posted on: December 29, 2014 12:17 am | Last updated: December 29, 2014 at 12:17 am

റോം : ഗ്രീക്ക് കടലില്‍വെച്ച് തീപ്പിടിച്ച ഇറ്റാലിയന്‍ കപ്പലില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്ന രക്ഷാ ദൗത്യം തുടരുന്നതായി ഗ്രീക്ക് അധികൃതര്‍. കടലില്‍ ആഞ്ഞുവീശുന്ന കനത്ത കാറ്റിനിടെയാണ് കപ്പലിലുള്ള 466 യാത്രക്കാരെയും പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ചെറിയ ഗ്രീക്ക് ദ്വീപായ ഒതോനോയിയില്‍നിന്നും 33 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള നോര്‍മാന്‍ അറ്റ്‌ലാന്റിക് കപ്പലില്‍നിന്ന് അപായ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഗ്രീക്ക് തീര സംരക്ഷണ സേന രക്ഷാ ദൗത്യത്തിന് പുറപ്പെട്ടത്. 55 ഓളം യാത്രക്കാരെ ഒരു കപ്പലിലേക്ക് മാറ്റിയപ്പോള്‍ 150 പേര്‍ ലൈഫ് ബോട്ടിന്റെ സഹായത്തോടെ പുറത്തുകടന്നു. 200 ഓളം വാഹനങ്ങള്‍ സൂക്ഷിച്ച കപ്പലിന്റെ പാര്‍ക്കിംഗ് ബേയിലാണ് തീ പടര്‍ന്നത്. ഗ്രീസിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇറ്റാലിയന്‍ അധികൃതര്‍ രക്ഷാ ദൗത്യത്തിന്റെ ചുമതലയേറ്റെടുത്തിട്ടുണ്ടെന്ന് ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോസ് ഡെന്‍ഡിയാസ് പറഞ്ഞു. കനത്ത കാറ്റില്‍ കപ്പല്‍ ആടിയുലയുന്നത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗ്രീക്ക് തുറമുഖമായ പട്രാസില്‍നിന്ന് ഇറ്റാലിയന്‍ തുറമുഖമായ അന്‍കോനയിലേക്ക് പോകുകയായിരുന്നു കപ്പല്‍.