പുകമഞ്ഞും മഴയും: ഡ്രൈവര്‍മാര്‍ക്ക് ആര്‍ ടി എയുടെ ബോധവത്കരണം

Posted on: December 27, 2014 5:45 pm | Last updated: December 27, 2014 at 5:45 pm

slow_1225ദുബൈ: ശൈത്യം ശക്തമായിക്കൊണ്ടിരികെ എമിറേറ്റില്‍ അനുഭവപ്പെടുന്ന പുകമഞ്ഞിലും മഴയിലും വാഹനം ഓടിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആര്‍ ടി എയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളത് പരിഗണിച്ച് വാഹനം ഓടിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് അഭ്യര്‍ഥിച്ചു. ശൈത്യകാലത്ത് മഞ്ഞും മഴയും റോഡിനെ നനക്കുന്നതിനാലാണ് അപകടം വര്‍ധിക്കുന്നത്. ശക്തമായ ബോധവത്കരണവും ഡ്രൈവര്‍മാരുടെ ജാഗ്രതയും മാത്രമാണ് അപകടങ്ങള്‍ കുറക്കാന്‍ ഏക മാര്‍ഗം.
ഈ മാസം മുതലാണ് ബോധവത്കരണത്തിന് ആ ടി എ തുടക്കം കുറിച്ചതെന്നും അദിയ്യ് പറഞ്ഞു. അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഉതകുന്ന കാര്യങ്ങളാണ് ബോധവത്കരണത്തില്‍ ഉണര്‍ത്തുന്നത്. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം കണക്കിലെടുത്ത് അപകടങ്ങള്‍ കുറക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കുകയാണ്. ഇത് പെട്ടെന്ന് ബ്രേക്കിടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ കുറക്കാനും സഹായിക്കും.
വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ കോള്‍ അറ്റന്റ് ചെയ്യുന്നത് ഒഴിവാക്കണം. റോഡില്‍ നിന്നു ശ്രദ്ധ തിരിയുന്നതാണ് പല അപകടങ്ങള്‍ക്കും ഇടയാക്കുന്നത്. ഓരോ റോഡിലും അനുവദനീയമായ വേഗപരിധി കര്‍ശനമായി പാലിക്കണം. വാഹനത്തിന്റെ ജാലക ചില്ലുകളും കണ്ണാടികളും വൃത്തിയാക്കി സൂക്ഷിക്കണം. സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലെ ഡിസ്‌പ്ലേ മോണിറ്ററുകള്‍, മാള്‍ സ്‌ക്രീനുകള്‍, പെട്രോള്‍ പമ്പുകളിലെ പരസ്യപ്പലകകള്‍, വെബ്‌സൈറ്റിലെ ബോധവത്കരണത്തിനായുള്ള ഫഌഷുകള്‍ തുടങ്ങിയവ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം.
അറബിയിലും ഇംഗ്ലീഷിലുമാവും വിവരങ്ങള്‍ സ്‌ക്രീനുകളിലും മറ്റും ആര്‍ ടി എ നല്‍കുകയെന്നും അദിയ്യ് വിശദീകരിച്ചു.