സഞ്ജയ് ദത്തിന്റെ പരോള്‍: അന്വേഷണത്തിന് ഉത്തരവ്‌

Posted on: December 27, 2014 5:40 am | Last updated: December 27, 2014 at 12:40 am
SHARE

sanjay dutന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ച സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. പരോള്‍ അപേക്ഷ സ്വീകരിച്ച് വ്യാഴാഴ്ച ദത്തിനെ മോചിപ്പിച്ചു. ദത്തിന് ഇടക്കിടെ പരോള്‍ അനുവദിക്കുന്നത് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി സംസ്ഥാന ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെ പറഞ്ഞു.
പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ലഭിക്കേണ്ടതുണ്ടെന്നും മോചിതനായി മുംബൈയില്‍ വെച്ച് സഞ്ജയ് ദത്ത് പറഞ്ഞു. എല്ലാ വര്‍ഷവും തടവുകാര്‍ക്ക് ലഭിക്കുന്നതാണ് പരോള്‍. അത് തനിക്കും ലഭിച്ചു. ഇത് ക്രിസ്മസ് സമയം ആയതിനാല്‍ കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. ദത്ത് പറഞ്ഞു.
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ അനധികൃതമായി കൈവശം വെച്ച കേസില്‍ ബാക്കിയുള്ള 42 മാസത്തെ തടവ് ശിക്ഷയാണ് ദത്ത് ഇപ്പോള്‍ അനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ദത്ത് ജയിലിലായതിന് ശേഷം ഇടക്കിടെ പരോള്‍ ലഭിക്കുകയും അത് നീട്ടി നല്‍കുകയും ചെയ്തത് വിവാദമായിരുന്നു. ദത്തിന് ഇങ്ങനെ പരോള്‍ നല്‍കിയതിന് അധികൃതര്‍ക്ക് നേരെയും ചോദ്യമുയര്‍ന്നിരുന്നു.