Connect with us

National

ഗോത്രവര്‍ഗ സംസ്ഥാനത്ത് ആദ്യമായി ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി

Published

|

Last Updated

റാഞ്ചി: കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സുസ്ഥിര സര്‍ക്കാറിനെ ലഭിക്കാത്ത ഝാര്‍ഖണ്ഡില്‍ ഇത്തവണ സ്ഥിര സര്‍ക്കാര്‍. അതേസമയം ഗോത്രവര്‍ഗ സംസ്ഥാനത്ത് ആദ്യമായി ഗോത്രവര്‍ഗത്തില്‍ പെടാത്തയാള്‍ മുഖ്യമന്ത്രിയാകും. സ്ഥിര സര്‍ക്കാര്‍, വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി ജെ പിക്ക് അവ ഏറെ ഫലം ചെയ്തു.
അതേസമയം, ബി ജെ പിക്ക് പ്രതീക്ഷിച്ചത് നേടാനായില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ സര്‍വേയില്‍ അമ്പതിലധികം സീറ്റ് നേടുമെന്നായിരുന്നു റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകങ്ങളുണ്ടായതായി ബി ജെ പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ അര്‍ജുന്‍ മുണ്ടെ ജെ എം എമ്മിന്റെ ദശരഥ് ഗര്‍ഗായിയോട് ഖറാസാവാനില്‍ തോറ്റതോടെയാണ് ഗോത്രവര്‍ഗക്കാരനല്ലാത്ത നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുക. അതേസമയം, പിന്നാക്ക വിഭാഗക്കാരനായ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് രഘുബാര്‍ ദാസ,് ജാംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് ജയിച്ചിട്ടുണ്ട്. മുമ്പ് ഉപമുഖ്യമന്ത്രിസ്ഥാനത്തിരുന്ന ദാസിന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് നറുക്ക് വീഴുക. ഇപ്രാവശ്യം ഗോത്രവിഭാഗക്കാരനല്ലാത്തയാളെയാണ് മുഖ്യമന്ത്രിയാക്കുകയെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി പ്രചരിപ്പിച്ചിരുന്നു. ഇത് ജെ എം എമ്മിന് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചു.
സംസ്ഥാനത്ത് പുതിയ നേതാക്കളെ പരിചയപ്പെടുത്തുകയെന്ന രാഷ്ട്രീയ തന്ത്രമായിരിക്കും ബി ജെ പി പുറത്തെടുക്കുക. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നുമുള്ള നേതൃനിര ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ സജീവമാകും. ബി ജെ പിക്കൊപ്പം ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ഡെമോക്രാറ്റിക്)യും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പങ്കാളിയാകും.

Latest