Connect with us

Ongoing News

ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജ്; നില്‍പ്പ് സമരം അവസാനിച്ചു

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ 162 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന നില്‍പ്പുസമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.
ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി പാക്കേജുകളും മന്ത്രിസഭ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയ 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ഇന്നിറങ്ങും. വനാവകാശം പേരിലും പട്ടികവര്‍ഗ്ഗക്കാര്‍ അല്ലാത്തവര്‍ കൈയേറിയതിന്റെ പേരിലും ആദിവാസികള്‍ക്ക് കുറവുവന്ന ഭൂമി കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് നല്‍കും. വനാവകാശത്തിന്റെ പേരില്‍ കിട്ടിയിട്ടുള്ളത് മറ്റ് രീതിയിലുള്ളതായി കണക്കാക്കരുതെന്നാണ് ഇവരുടെ ആവശ്യം. ആദിവാസികളല്ലാത്തവര്‍ കയ്യേറിയ ഭൂമിയുടെ കാര്യത്തിലും അതേനിലപാടാണ് സ്വീകരിക്കുക. കേരളത്തിലെ ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസാ (പ്രൊവിഷന്‍സ് ഓഫ് പഞ്ചായത്ത് റൂള്‍സ് ഫോര്‍ ഷെഡ്യൂള്‍സ്) നിയമം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ തന്നെ ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. അതിലെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ നിയമം നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു.
രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഇത്രയും വ്യാപകമായി ഈ നിയമം നടപ്പാക്കുന്നത്. ആദിവാസികള്‍ മാത്രം താമസിക്കുന്ന ഇടമലക്കുടി, ആറളം തുടങ്ങിയ പഞ്ചായത്തുകളെ ആദ്യഘട്ടമായി പെസാ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരും. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുതകുന്ന നിയമമാണിത്. ഇതിനായി പ്രത്യേക ഭരണസമിതി ഉണ്ടാകും. അവരറിയാതെ ഇത്തരം ഭൂമിയുടെ ക്രയവിക്രയം നടക്കില്ല. ഈ നിയമം വരുന്നതോടെ ആദിവാസികളുടെ ഭൂമി അവരുടെ കൈയില്‍ തന്നെ നിലനില്‍ക്കും. മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസ പദ്ധതി ഇതോടൊപ്പം നടപ്പാക്കും.
ഇതിന്റെ ഭാഗമായി 447 കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമിയും വീടുവെയ്ക്കാന്‍ രണ്ടരലക്ഷം രൂപ വീതവും നല്‍കും. മുത്തങ്ങ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോകേണ്ടിവന്ന കുട്ടികള്‍ക്ക് ഒരുലക്ഷം രൂപവീതം നല്‍കും.

Latest