സോണിയയുടെ മണ്ഡലത്തില്‍ ‘ഘര്‍ വാപസി’ സംഘടിപ്പിക്കും: വി എച്ച് പി

Posted on: December 16, 2014 4:08 am | Last updated: December 16, 2014 at 10:10 am

റായ്ബറേലി: സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന റായ്ബറേലി മണ്ഡലത്തില്‍ മത പരിവര്‍ത്തന ചടങ്ങ് (ഘര്‍ വാപസി) സംഘടിപ്പിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. അറുപതോളം കുടുംബങ്ങള്‍ പരിവര്‍ത്തനത്തിന് തയ്യാറാണെന്നും, ഇതിനു പിന്നില്‍ ഭീഷണിയോ പ്രലോഭനങ്ങളോ ഇല്ലെന്നും വി എച്ച് പി റായ്ബറേലി ജില്ലാ മേധാവി ഹരീഷ് ചന്ദ്ര അവകാശപ്പെട്ടു.
നൂറോളം കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്യിക്കുന്ന പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്നും, അതിന്റെ തീയതി ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില കപട മതേതര പാര്‍ട്ടികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കിയിരിക്കുകയാണെന്നും ഹരീഷ് ചന്ദ്ര പറഞ്ഞു. അതേസമയം, ഇത്തരം പ്രവര്‍ത്തനത്തെപ്പറ്റി തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ തടയുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ആഗ്രയിലെ കൂട്ട മതപരിവര്‍ത്തനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുക എന്ന പേരില്‍ രാജ്യമൊട്ടാകെ വ്യാപക മതപരിവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുകയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍. അതിനിടെ സമാജ്‌വാദി പാര്‍ട്ടി എം എല്‍ എ സമീറുല്ല മതപരിവര്‍ത്തന ചടങ്ങിനെതിരെ ജാഗ്രത പാലിച്ച് അലിഗഢില്‍ ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.